ഖത്വറിനെതിരായ സഊദി ആരോപണം ഇറാഖ് പ്രധാനമന്ത്രി നിഷേധിച്ചു

Posted on: June 12, 2017 12:57 am | Last updated: June 12, 2017 at 12:57 am

ദോഹ: തട്ടിക്കൊണ്ടു പോകപ്പെട്ട 26 സ്വദേശികളെ മോചിപ്പിക്കാന്‍ ശിയാ സായുധ ഗ്രൂപ്പുകള്‍ക്ക് ഖത്വര്‍ 500 ദശലക്ഷം ഡോളര്‍ നല്‍കിയെന്ന സഊദിയുടെയും യു എ ഇയുടെയും ആരോപണം ഇറാഖ് പ്രധാനമന്ത്രി നിഷേധിച്ചു. ഇറാഖ് സര്‍ക്കാരാണ് ആ പണം സ്വീകരിച്ചതെന്നും ഇത് ഇപ്പോഴും ഇറാഖി സെന്‍ട്രല്‍ ബേങ്കിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതെ, ഞങ്ങളാണ് മോചന ദ്രവ്യം സ്വീകരിച്ചത്. പണം ഇപ്പോഴും ഇറാഖ് സെന്‍ട്രല്‍ ബേങ്കിലുണ്ട് പ്രധാനമന്ത്രി ഹൈദര്‍ അബാദി പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സുന്നി സായുധ സംഘങ്ങളുടെ കൂട്ടായ്മയായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിന്റെ പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാഖ് സര്‍ക്കാര്‍ ചാനല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്തിരുന്നു.
നായാട്ടിനിടെ തട്ടിക്കൊണ്ടു പോകപ്പെട്ട ഖത്വരികളെ മോചിപ്പിക്കുന്നതിന് സായുധ സംഘങ്ങള്‍ക്ക് ഖത്വര്‍ പണം നല്‍കിയെന്ന ആരോപണം നേരത്തേ തന്നെ ഖത്വര്‍ വിദേശ കാര്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. തങ്ങള്‍ ഇറാഖ് സര്‍ക്കാറുമായാണ് ഇടപാട് നടത്തിയതെന്നും പണം ഇറാഖ് അധികൃതര്‍ക്ക് നേരിട്ടാണ് കൈമാറിയതെന്നും ഖത്വര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി കഴിഞ്ഞ ഏപ്രിലില്‍ വിശദീകരിച്ചിരുന്നു.