ജി.എസ്.ടി: 66 ഇനങ്ങളുടെ നികുതിയില്‍ കുറവ് വരുത്തി

Posted on: June 11, 2017 4:36 pm | Last updated: June 12, 2017 at 9:37 am

ന്യൂഡല്‍ഹി: ഇന്നു ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലില്‍ 66 ഇനങ്ങളുടെ ചരക്കു സേവന നികുതി കുറച്ചു. 100 രൂപക്ക് താഴെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് ചരക്കുസേവന നികുതി 18ശതമാനമായി കുറച്ചു. 100 രൂപക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനം തന്നെ തുടരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്?ലി അറിയിച്ചു.

നികുതി പുനഃപരിശോധിക്കാന്‍ 133 ഇനങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിനു മുന്നിലെത്തിയിരുന്നു. പരിശോധനകള്‍ക്ക് ശേഷം 66 ഇനങ്ങളുടെ നികുതി കൗണ്‍സില്‍ കുറച്ചതായും ജെയ്റ്റ്‌ലി പറഞ്ഞു. ഇന്‍സുലിന്റെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. സ്‌കൂള്‍ ബാഗുകളുടെത് 28ല്‍ നിന്ന് 18ലേക്കും താഴ്ത്തി.
എന്നാല്‍ സാനിറ്ററി നാപ്കിനുകള്‍ക്കും ടെലകോമിനും നികുതിയില്‍ മാറ്റമില്ല.കയര്‍, കശുവണ്ടി എന്നിവക്ക് അഞ്ചു ശതമാനം നികുതി. കമ്ബ്യൂട്ടര്‍ പ്രിന്ററിന് 28 ആയിരുന്നത് 18 ശതമാനമാക്കി. അചാര്‍ പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് 12 ശതമാനമായും നികുതി നിശ്ചയിച്ചു. കൗണ്‍സിലിന്റെ അടുത്ത യോഗം വരുന്ന ഞായറാഴ്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.