ശിവരാജ് സിംഗ് ചൗഹാന്‍ നിരാഹാരസമരം തുടങ്ങി

Posted on: June 10, 2017 12:33 pm | Last updated: June 10, 2017 at 6:18 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ സമാധാനം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. ഭോപ്പാലില്‍ ദസറ മൈതാനത്താണ് ഉപവാസം. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ സാധ്‌നയും നിരാഹാരമിരിക്കുന്നുണ്ട്. മന്ദ്‌സോറിലെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കും വരെ നിരാഹാരം തുടരുമെന്ന് ചൗഹാന്‍ പറഞ്ഞു.

കര്‍ഷകരുമായി ഉപവാസ സ്ഥലത്ത് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില നല്‍കണമെന്നാവശ്യപ്പെട്ടു സമരം ചെയ്ത കര്‍ഷകര്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഉപവാസം. സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ വെടിവയ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് സമാധാനം കൊണ്ടുവരാന്‍ മുഖ്യമന്ത്രി അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.