വാളയാറില്‍ സഹോദരികളുടെ മരണം ആത്മഹത്യയെന്ന് പോലീസ്

Posted on: June 5, 2017 4:57 pm | Last updated: June 5, 2017 at 5:44 pm

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരികളുടെ ദുരൂഹമരണം ആത്മഹത്യയെന്ന് പോലീസ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് തെളിയിക്കുന്ന തെളിവുകളില്ലെന്ന് പോലീസ് മനുഷ്യാവകാശ കമീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അട്ടപ്പളം സ്വദേശികളായ കൃതിക(11), ശരണ്യ (9) എന്നീ സഹോദരികളെയാണ് വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് മൂത്തകുട്ടിയായ കൃതികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ചില്‍ ശരണ്യയെ സമാനമായ രീതിയിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനാവശ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്.