സാധാരണക്കാരിലേക്കും സാറ്റലൈറ്റ് ഫോണുകളെത്തിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി

Posted on: May 28, 2017 3:40 pm | Last updated: May 29, 2017 at 12:15 pm

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കും അടുത്ത രണ്ട് വര്‍ഷത്തിനകം സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. പദ്ധതി രാജ്യവ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് ബി എസ് എന്‍ എല്‍.സാറ്റലൈറ്റ് ഫോണുകള്‍ ആരംഭിക്കുന്നതിനായി ബി എസ് എന്‍ എല്‍ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അടുത്ത രണ്ടു വര്‍ഷത്തിനകം ഇതിന്റെ സേവനം നടപ്പിലാക്കുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപ് ശ്രീവാസ്തവ അറിയിച്ചു.

14 ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള ഇന്‍മര്‍സാറ്റ് എന്ന ആഗോള നെറ്റ് വര്‍ക്ക് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സാറ്റലൈറ്റ് ഫോണുകള്‍ക്ക് ഏതു കാലാവസ്ഥയിലും നല്ല പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ ആവും.
മൊബൈല്‍ ടവറുകളുടെ പരിധി ആവശ്യമില്ല.പറക്കുന്ന വിമാനത്തില്‍ നിന്നോ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലില്‍ നിന്നോ കൊടും വനത്തിനുള്ളില്‍ നിന്നോ എവിടെ നിന്നും വേണമെങ്കിലും സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

നിലവില്‍ സാറ്റലൈറ്റ് ഫോണുകള്‍ക്ക് വില കൂടുതലാണ്. 40000 രൂപ ആണ് ഇപ്പോള്‍ ഉള്ള വില. എന്നാല്‍ പദ്ധതി പ്രവര്‍ത്തികമാക്കുന്നതോടെ സാധാരണക്കാരനും സാറ്റലൈറ്റ് മൊബൈല്‍ സ്വന്തമാക്കാന്‍ കഴിയും.ഔദ്യോഗിക കണക്ക് പ്രകാരം 1532 സാറ്റലൈറ്റ് ഫോണ്‍ കണക്ഷനുകളാണ് രാജ്യത്തുള്ളത്. ഇവയില്‍ ഭൂരിപക്ഷവും സൈന്യമാണ് ഉപയോഗിക്കുന്നത്.ആദ്യഘട്ടത്തില്‍ സൈന്യം, പോലീസ്, ദുരന്തനിവാരണസേന, റെയില്‍വേ, മറ്റു പ്രധാന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ക്കായിരിക്കും സാറ്റലൈറ്റ് ഫോണുകള്‍ ലഭിക്കുക