തിരിച്ചടിക്കാന്‍ ഇന്ത്യ കാത്തുനില്‍ക്കില്ല: ആഭ്യന്തര മന്ത്രി

Posted on: May 16, 2017 7:07 pm | Last updated: May 17, 2017 at 2:29 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ആഭ്യാന്തര മന്ത്രി. ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് പാക്കിസ്താന് ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത്. ”ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതിനെ കുറിച്ച് പ്രഖ്യാപിക്കാറില്ല, പ്രവര്‍ത്തിച്ച് കാണിക്കുകയാണ് പതിവ് രാജ്‌നാഥ് സിങ് പറഞ്ഞു. ദിവസങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് മിന്നലാക്രമണം നടത്തിയത്.

രാജ്യത്തെ സര്‍ക്കാറിന്റ ഭാഗത്തുനിന്നും ഒന്നും സംഭവിക്കില്ലെന്ന് ആരും തെറ്റിദ്ധെരിക്കരുത് . ഇപ്പോള്‍ ഇത്ര മാത്രമേ പറയുന്നുള്ളൂ. ഇനി രാജ്യത്തെ പൗരന്‍മാര്‍ നാണം കെട്ട് തലതാഴ്‌ത്തേണ്ട ഒരവസ്ഥ ഉണ്ടാക്കില്ല. സര്‍ക്കാറിന് ജനങ്ങളുടെ വേദന അറിയാം” ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആഭ്യന്തരമന്ത്രി ഇക്കാര്യം തുറ്ന്നടിച്ചത്.

വീണ്ടും പാകിസ്താന്‍ അതിര്‍ത്തി നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തുമോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി പറഞ്ഞ ശേഷമല്ല പ്രവര്‍ത്തിക്കുക എന്നായിരുന്നു രാജ്‌നാഥിന്റ മറുപടി. കശ്മീരില്‍ ഭീകരര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഉമര്‍ ഫയാസ് യുവാക്കള്‍ക്ക് മാതൃകയാണെന്നും രാജ്‌നാഥ് പറഞ്ഞു. അദ്ദേഹത്തിനുണ്ടായ ദുരവസ്ഥ കശ്മീരികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരിലും വേദനയുണ്ടാക്കുന്ന സംഭവമാണ്. മാധ്യമങ്ങളില്‍ കശ്മീരിനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും അത്രയും രൂക്ഷമായ അവസ്ഥയല്ല സ്ഥലത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ രണ്ടോ മൂന്നോ സ്ഥലത്ത് മാത്രമാണ് പ്രശ്‌നങ്ങള്‍ ഉള്ളത്. എല്ലാകാലത്തും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.