ഡെങ്കിപ്പനി: ചികിത്സ വൈകരുതെന്ന് ആരോഗ്യ വകുപ്പ്‌

Posted on: May 11, 2017 9:59 am | Last updated: May 11, 2017 at 9:51 am

തിരുവനന്തപുരം: യഥാസമയം ചികിത്സ നല്‍കിയാല്‍ ഡെങ്കിപ്പനി അപകടകാരിയല്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത. സ്വകാര്യമേഖലയിലടക്കം ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും ഡെങ്കി ചികിത്സയില്‍ അതീവ ശ്രദ്ധ ചെലുത്തണം. കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ പുറപ്പെടുവിച്ച പരിഷ്‌കരിച്ച ഡെങ്കി ചികിത്സാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം ചികിത്സയും റഫറലും.
വിവിധതരം ടെസ്റ്റുകള്‍, രക്തം കയറ്റല്‍, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റുകള്‍ തുടങ്ങിയവ നല്‍കല്‍ എന്നിവ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം.

ജില്ലാ മെഡിക്കല്‍ ഓഫീസറെ സമയബന്ധിതമായി രോഗവിവരം അറിയിക്കുന്നത് വഴി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ 48 മണിക്കൂറിനകം നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെ ആരോഗ്യ വകുപ്പ് നടപ്പിലാക്കും.
ഡെങ്കിപ്പനിയുള്ളപ്പോള്‍ കൊതുകു കടി തടയുന്നതിനും രോഗം പകരാതിരിക്കുന്നതിനും വീട്ടിലും ആശുപത്രിയിലും കൊതുകുവല ഉപയോഗിക്കണം. ഈഡിസ് കൊതുകു നിയന്ത്രണമാണ് ഡെങ്കിപ്പനിക്കുള്ള ഏക പ്രതിരോധം. ഇതിനായി വീടിനുള്ളിലും പരിസര പ്രദേശത്തും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. പ്രധാനമായും ചെടിച്ചട്ടികള്‍ക്കടിയിലെ ട്രേ, റെഫ്രിജറേറ്ററിനടിയുള്ള ട്രേ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ കഴുകി ഉണക്കി സൂക്ഷിക്കേണ്ടതാണ്. വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവയും ആഴ്ചയില്‍ ഒരിക്കല്‍ കഴുകി ഉണക്കി ഉപയോഗിക്കണം. ടയറുകള്‍, ചിരട്ടകള്‍ എന്നിവയില്‍ വെള്ളം തങ്ങിനില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
പകല്‍ സമയത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണം. ഡെങ്കിപ്പനിക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.