Connect with us

Kerala

ഏഴായിരത്തോളം പേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ വിതരണം മുടങ്ങി

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ നഗരസഭകളില്‍ നിന്നും കോര്‍പറേഷനുകളില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള കേന്ദ്രീകൃത പെന്‍ഷന്‍ ഫണ്ടിന്റെ പ്രവര്‍ത്തനം അവതാളത്തിലായതോടെ ഏഴായിരത്തോളം പേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ വിതരണം മുടങ്ങുന്നു. രണ്ടായിരത്തോളം പേര്‍ കുടുംബ പെന്‍ഷന്‍കാരാണ്. ഇത് സംബന്ധിച്ച് സര്‍ക്കാറിനെ സമീപിച്ചപ്പോള്‍ ജനറല്‍ പര്‍പ്പസ് ഗ്രാന്‍ഡില്‍ നിന്നു തുക നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് നഗരസഭകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതത്രെ.

പ്രതിമാസ പെന്‍ഷന്‍, വര്‍ഷത്തില്‍ രണ്ട് തവണ വരുന്ന ക്ഷാമബത്ത, വിരമിക്കുന്നവര്‍ക്കു ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പ്രതിവര്‍ഷം 150 കോടിയിലേറെ രൂപയാണ് ചെലവ്. നഗരസഭകളില്‍ നിന്ന് നഗരകാര്യ ഡയറക്ടറേറ്റിന്റെ ചുമതലയിലുള്ള പെന്‍ഷന്‍ ഫണ്ടിലേക്ക് പ്രതിമാസം ലഭിക്കുന്ന വിഹിതമാകട്ടെ ഇതിന്റെ 70 ശതമാനം മാത്രമാണ്. നിലവില്‍ അയ്യായിരത്തിലേറെ ജീവനക്കാരുടെ ശമ്പളത്തിന്റെ ഉയര്‍ന്ന സ്‌കെയിലിന്റെ പതിനഞ്ച് ശതമാനം തുകയാണ് 87 നഗരസഭകളും ആറ് കോര്‍പറേഷനുകളും സര്‍ക്കാറിലേക്കടക്കുന്നത്. വിരമിച്ച ജീവനക്കാരുടെ തുക അവരുടെ സേവനകാലയളവില്‍ ഈ ഫണ്ടിലേക്ക് അടച്ചതാണ്. എന്നാല്‍, തുക നല്‍കുന്നത് ഇപ്പോള്‍ നഗരസഭകളുടെ ഉത്തരവാദിത്തമായി മാറിയെന്നും പെന്‍ഷന്‍ വിതരണം കൃത്യമല്ലെന്നും പെന്‍ഷന്‍കാര്‍ ആരോപിക്കുന്നു.

തനതു ഫണ്ടില്‍ നിന്നും ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നുമുള്ള തുകയാണ് പെന്‍ഷന്‍ വിതരണത്തിനായി നഗരസഭകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഒരു നഗരസഭയുടെ പരിധിയില്‍ വരുന്ന പെന്‍ഷന്‍കാര്‍ മുഴുവനും അവിടെ ജോലി ചെയ്തവരാകണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ ചില നഗരസഭകളുടെ പരിധിയിലെ പെന്‍ഷന്‍കാരുടെ എണ്ണം കൂടുതലാണ്. നഗരസഭാ ജീവനക്കാര്‍ക്കായി 1991 ഒക്ടോബര്‍ ഒന്നിന് പെന്‍ഷന്‍ പദ്ധതി ആരംഭിക്കുകയും 97 ഏപ്രില്‍ ഒന്നിന് പെന്‍ഷന്‍ കൊടുത്തു തുടങ്ങുകയും ചെയ്തു. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ നഗരകാര്യ ഡയറക്ടറേറ്റിനു കാലാകാലങ്ങളില്‍ വന്ന പിഴവാണ് ഫണ്ട് നടത്തിപ്പ് അവതാളത്തിലാക്കിയത്. ഫണ്ടിന്റെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ ഓഡിറ്റ് നടക്കുന്നില്ലെന്നും ആരോപണമുണ്ട്. 2007 മുതല്‍ തന്നെ പെന്‍ഷന്‍ ഫണ്ട് സാമ്പത്തിക ബാധ്യതയിലായി. ഈ ഫണ്ട് നിലവിലിരിക്കെ ജനറല്‍ പര്‍പ്പസ് ഫണ്ട് പോലുള്ള ബദല്‍ സംവിധാനം വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നതു ചട്ടവിരുദ്ധമാണെന്നും ചൂണ്ടക്കാണിക്കപ്പെടുന്നു.

 

Latest