ബഹ്‌റൈന് മുന്നില്‍ ഖത്വറിന് അടിപതറി

Posted on: April 28, 2017 11:11 am | Last updated: April 28, 2017 at 11:11 am
ഖത്വര്‍ ക്യാപ്റ്റന്‍ മുഹമ്മദ് രിസ്‌ലാന്‍ ടോസ് ചെയ്യുന്നു. ബഹ്‌റൈന്‍ ക്യാപ്റ്റന്‍ അസീമുല്‍ ഹഖ് സമീപം

ദോഹ: ഐ സി സി വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഏഷ്യ ഡിവിഷന്‍ 1 മത്സരത്തില്‍ ഖത്വറിന് ആദ്യ പരാജയം. ഇന്നലെ നടന്ന മത്സരത്തില്‍ ബഹ്‌റൈനാണ് ഖത്വറിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ടത്. ടോസ് നേടിയെങ്കിലും ഖത്വര്‍ ബഹ്‌റൈനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഏഴിന് 233 എന്ന മറികടക്കാവുന്ന സ്‌കോര്‍ കെട്ടിപ്പടുത്ത ബഹ്‌റൈനെ നേരിടുന്നതില്‍ ഖത്വര്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടു. മുഹമ്മദ് തന്‍വീര്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും 38.4 ഓവറില്‍ 181 റണ്‍സിന് ഖത്വറിന്റെ എല്ലാവരും പുറത്തായി. 52 റണ്‍സിനാണ് ബഹ്‌റൈന്റെ വിജയം.
ത്വാഹിര്‍ ദാറിന്റെ ഓള്‍റൗണ്ടര്‍ പ്രകടനമാണ് ബഹ്‌റൈന് മികച്ച വിജയമൊരുക്കിയത്. 88 പന്തില്‍ 79 റണ്‍സ് നേടിയ ദാര്‍ ഒമ്പത് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിലപ്പെട്ട വിക്കറ്റുകളും നേടി. ഖലന്ദര്‍ ഖാന്‍, മുഹമ്മദ് റിസ്‌ലാന്‍, ഖുറം ശഹ്‌സാദ് എന്നിവരുടെ വിക്കറ്റുകളാണ് ദാര്‍ നേടിയത്. റണ്‍സൊന്നും വിട്ടുകൊടുക്കാതെ മൂന്ന് ഓവറുകളും ദാര്‍ എറിഞ്ഞു. ദാര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. 88 ബോളില്‍ രണ്ട് സിക്‌സറുകളും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ദാറിന്റെ ഇന്നിംഗ്‌സ്.
47 റണ്‍സെടുത്ത ജി എസ് പി ആര്‍ അറാച്ചിഗെ ആണ് പിന്നീട് ബഹ്‌റൈന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 85 ബോളില്‍ അഞ്ച് ഫോറുകളടങ്ങിയതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. മുഹമ്മദ് റാഫിഹ് പുറത്താകാതെ 28 റണ്‍സെടുത്തു. പതിനൊന്ന് പന്തില്‍ മൂന്ന് സിക്‌സറുകളും ഒരു ഫോറും അടക്കം വെടിക്കെട്ട് ബാറ്റിംഗായിരുന്നു റാഫിഹിന്റെത്.

കഴിഞ്ഞ ദിവസം തായ്‌ലാന്‍ഡിനെതിരെ നാല് വിക്കറ്റ് നേടിയ അവൈസ് മാലിക് ഇന്നലെയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഒമ്പത് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അവൈസ് നേടിയത്. റണ്‍സൊന്നും വിട്ടുകൊടുക്കാതെ രണ്ട് ഓവറുകളുമുണ്ടായിരുന്നു. പത്ത് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് നദീമും ബോളിംഗ് നിരയില്‍ തിളങ്ങി. ആറ് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത നുമാന്‍ സര്‍വാര്‍ ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഖത്വറിന് പതിവ് താളം കണ്ടെത്താനായില്ല. മുഹമ്മദ് തന്‍വീര്‍ ഒരറ്റത്ത് നിലയുറപ്പിച്ച് സ്‌കോര്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റ് കൊഴിഞ്ഞു. ദാറിന്റെ പന്ത്രണ്ടാം ഓവറില്‍ 59 റണ്‍സിലിരിക്കെ രണ്ട് വിക്കറ്റുകളാണ് തുടരെ വീണത്. സ്‌കോര്‍ 92 ആയപ്പോഴേക്കും തന്‍വീറും പുറത്തായി. 52 ബോളില്‍ ഒരു സിക്‌സും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു തന്‍വീറിന്റെ ഇന്നിംഗ്‌സ്. 47 ബോളില്‍ 36 റണ്‍സെടുത്ത തമൂര്‍ സജ്ജാദ് ആണ് ബാറ്റിംഗില്‍ പിന്നീട് തിളങ്ങിയത്. സഹീര്‍ ഇബ്‌റാഹീം 22 റണ്‍സെടുത്തു. ബഹ്‌റൈന്‍ ബോളര്‍മാരില്‍ പത്ത് ഓവറില്‍ 57 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുനൈദ് അസീസും മികച്ച പ്രകടനം പുറത്തെടുത്തു. ജബ്ബാര്‍ അംജദ്, ബാബര്‍ അലി, അസീമുല്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ സഊദി കുവൈത്തിനെയും തായ്‌ലാന്‍ഡ് ചൈനയെയും പരാജയപ്പെടുത്തി. ടൂര്‍ണമെന്റില്‍ ഇന്ന് മത്സരമില്ല. നാളെ ചൈനയാണ് ഖത്വറിന്റെ എതിരാളി. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റാണ് ഖത്വറിനുള്ളത്.