പ്രതിഷേധത്തിന് മുന്നില്‍ മലക്കം മറിഞ്ഞ് നിതി ആയോഗും സര്‍ക്കാറും

Posted on: April 27, 2017 10:15 am | Last updated: April 27, 2017 at 9:42 am

ന്യൂഡല്‍ഹി: കാര്‍ഷിക വരുമാനത്തിന് നികുതി ഈടാക്കാന്‍ സര്‍ക്കാറിന് ഒരു പദ്ധതിയുമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. കാര്‍ഷിക ആദായത്തിന് നികുതി ചുമത്തണമെന്ന് നിതി ആയോഗ് കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന ഘട്ടത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലി തിരുത്തുമായി രംഗത്ത് വന്നത്. നിതി ആയോഗിന്റെ റിപ്പോര്‍ട്ട് താന്‍ വിശദമായി വായിച്ചു. അതില്‍ കാര്‍ഷിക വരുമാനത്തിന് നികുതി എന്ന പേരിലുള്ള ഖണ്ഡികയും സശ്രദ്ധം വായിച്ചു. എന്നാല്‍ ഒരു ആശയക്കുഴപ്പത്തിന്റെയും ആവശ്യമില്ല, സര്‍ക്കാറിന് അത്തരമൊരു നീക്കവുമില്ല- ജെയ്റ്റ്‌ലി പറഞ്ഞു. മാത്രമല്ല, ഭരണഘടനാപരമായി കേന്ദ്ര സര്‍ക്കാറിന് കാര്‍ഷിക വരുമാനത്തില്‍ നികുതി ഏര്‍പ്പെടുത്താനുള്ള അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതിയുടെ വ്യാപ്തി കൂട്ടുന്നതിന്റെ ഭാഗമായി ഒരു പരിധിയിലധികം വരുന്ന കാര്‍ഷിക വരുമാനത്തിന് മേല്‍ നികുതി ചുമത്തണമെന്നാണ് നിതി ആയോഗ് അംഗം ബിബേക് ദിബ്‌റോയ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. അരുണ്‍ ജെയ്റ്റ്‌ലി അദ്ദേഹത്തെ തള്ളിപ്പറഞ്ഞതോടെ നിതി ആയോഗ് തന്നെ ഈ ആശയത്തില്‍ നിന്ന് പിറകോട്ട് പോയിട്ടുണ്ട്. നിതിആയോഗ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ ഇങ്ങനെയാണ് പറയുന്നത്: നിതി ആയോഗ് മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മ പരിപാടി പ്രസിദ്ധീകരിച്ചുവെന്നും അതില്‍ കാര്‍ഷിക ആദായനികുതി ഏര്‍പ്പെടുത്തിയെന്നും കാണിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ഇത് നിതി ആയോഗിന്റെ കാഴ്ചപ്പാടല്ല. നിതി ആയോഗ് അത്തരമൊരു ആശയം മുന്നോട്ട് വെക്കുന്നുമില്ല.