Connect with us

National

ഐ സി സി വോട്ടിംഗില്‍ ബി സി സി ഐ ഒറ്റപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സി (ഐസിസി)ലില്‍ നിന്ന് കൂടുതല്‍ വരുമാനം ആവശ്യപ്പെട്ട ബി സി സി ഐയുടെ നീക്കത്തിന് കനത്ത തിരിച്ചടി. ഐ സി സി ഭരണ നിര്‍വഹണത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് മുന്നോട്ട് വെച്ച പുതിയ മോഡല്‍ വോട്ടിനിട്ടപ്പോള്‍ 9-1ന് ബി സി സി ഐ ആവശ്യം പിന്തള്ളപ്പെട്ടു. ഒമ്പത് അംഗരാഷ്ട്ര പ്രതിനിധികളും ഐ സി സിയുടെ പുതുമോഡലിനെ സ്വാഗതം ചെയ്തപ്പോള്‍ ബി സി സി ഐയുടെ അമിതാഭ് ചൗദരി മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
ഇതിന് മുമ്പ് ഐ സി സി ബോര്‍ഡ് മീറ്റിംഗില്‍ വരുമാനം പങ്കിടുന്നത് സംബന്ധിച്ചുള്ള പുതുമോഡലിന്മേല്‍ നടന്ന വോട്ടിംഗ് 8-2ന് പാസായിരുന്നു.അന്ന് ബി സി സി ഐക്കൊപ്പം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും പുതുമോഡലിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രീലങ്കയും മറുപുറത്തെത്തി.
പുതിയ സാഹചര്യത്തില്‍ ബി സി സി ഐക്ക് ഐ സി സിയില്‍ നിന്നുള്ള വരുമാനം 570 ദശലക്ഷം ഡോളറില്‍ നിന്ന് നേര്‍പകുതിയായി കുറയും.
ഐ സി സി നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യുമെന്നും ബി സി സി ഐ ഒഫിഷ്യലുകള്‍ വ്യക്തമാക്കി.
വരുമാനം 570 ദശലക്ഷം യു എസ് ഡോളറില്‍ നിന്ന് 290 ദശലക്ഷം ഡോളറിലേക്ക് താഴുന്ന സാഹചര്യത്തില്‍ ബി സി സി ഐ അധികമായി 100 ദശലക്ഷം ഡോളര്‍ കൂടി അനുവദിക്കണമെന്ന പാക്കേജ് മുന്നോട്ട് വെച്ചിരുന്നു. ഈ ആവശ്യത്തിന് അനൂകൂല മറുപടി ലഭ്യമാകാഞ്ഞതിനാല്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് ബി സി സി ഐ വൈകിപ്പിക്കുകയാണ്.

Latest