മുംബൈയെ തോല്‍പ്പിച്ച് പൂണെ

Posted on: April 24, 2017 9:59 pm | Last updated: April 25, 2017 at 12:09 pm

മുംബൈ: ഐ പി എല്ലില്‍ മുംബൈക്കെതിരെ പൂണെക്ക് വിജയം. സ്റ്റീവന്‍ സ്മിത്ത് നയിച്ച പൂണെ മൂന്ന് റണ്‍സിന് മുംബൈയെ പരാജയപ്പെടുത്തി. പൂണെ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ 157 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

രാഹുല്‍ ത്രിപാദി (45), അജിങ്ക്യ രഹാനെ (38) എന്നിവരുടെ മികച്ച പ്രകടനമാണ് പൂനെക്ക് മികച്ച ടോട്ടല്‍ നേടിക്കൊടുത്തത്. മനീഷ് തിവാരി (13 പന്തില്‍ 22), ബെന്‍ സ്റ്റോക്‌സ് (12 പന്തില്‍ 17) എന്നിവര്‍ അവസാന ഘട്ടത്തില്‍ നന്നായി ബാറ്റേന്തി. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ ടീമിനെ വിജയിപ്പിച്ച എം എസ് ധോണി ഏഴ് റണ്‍സെടുത്ത് പുറത്തായി. ധോണിയെ ബുംറ ബൗള്‍ഡാക്കുകയായിരുന്നു. മുംബൈക്കായി കരണ്‍ ശര്‍മ, ബുംറ എന്നിവര്‍ രണ്ട് വീതവും മിച്ചല്‍ ജോണ്‍സണ്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രഹാനെയും ത്രിപാദിയും ചേര്‍ന്ന് പൂനെക്കായി മികച്ച തുടക്കമാണ് നല്‍കിയത്. ഓപണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.3 ഓവറില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുംബൈ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞതോടെ റണ്‍നിരക്ക് കുറഞ്ഞു. സ്റ്റീവ് സമിത്തും ധോണിയും സ്‌റ്റോക്കും വേഗത്തില്‍ പുറത്തായത് പൂനെക്ക് തിരിച്ചടിയായി. 12 പന്തില്‍ 17 റണ്‍സെടുത്ത സ്മിത്തിന്റെ കുറ്റി ഹര്‍ഭജന്‍ ഇളക്കി. ട്വന്റി 20യില്‍ ഹര്‍ഭജന്‍ സിംഗിന്റെ 200ാം വിക്കറ്റായിരുന്നു ഇത്. തുടര്‍ച്ചയായ ഏഴാം ജയമാണ് മുംബൈ ലക്ഷ്യമിടുന്നത്.