പോത്തുകളെ കൊണ്ടുപോകുകയായിരുന്ന മൂന്ന് പേര്‍ക്ക് മര്‍ദനം; അറസ്റ്റ്‌

Posted on: April 23, 2017 11:27 pm | Last updated: April 23, 2017 at 11:27 pm

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുര്‍ഗോണില്‍ നിന്ന് ഗാസിയാബാദിനടുത്തുള്ള ഗാസിപുര്‍ മാര്‍ക്കറ്റിലേക്ക് പോത്തുകളെ കൊണ്ടുപോകുകയായിരുന്ന മൂന്ന് ഹരിയാന സ്വദേശികളെ മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. പിന്നാലെ മൃഗങ്ങള്‍ക്കെതിരെ ക്രൂരകൃത്യങ്ങള്‍ ചെയ്‌തെന്ന കുറ്റം ചുമത്തി മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി തെക്കന്‍ ഡല്‍ഹി വഴി ഗുര്‍ഗോണില്‍ നിന്ന് ഗാസിയാപൂര്‍ മാര്‍ക്കറ്റിലേക്ക് പോത്തുകളെ കൊണ്ടുപോകുകായായിരുന്ന ഹരിയാന സ്വദേശികളായ റിസ്‌വാന്‍, കാമില്‍, ആശു എന്നിവരെയാണ് മേനകാ ഗാന്ധി അധ്യക്ഷയായ പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന മൃഗസംരക്ഷണ സംഘടന പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി ഉയര്‍ന്നത്.

തെക്കന്‍ ഡല്‍ഹിയിലെ കാല്‍ക്കാജിയില്‍ വെച്ചാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ മൂവരെയും എയിംസില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മൃഗങ്ങള്‍ക്കെതിരെ ക്രൂരമായ കൃത്യം ചെയ്‌തെന്ന കുറ്റം ചുമത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് പേര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് എയിംസില്‍ നിന്ന് ഡിസചാര്‍ജ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ മൃഗങ്ങളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച വാഹനവും 14 പോത്തുകളെയും

പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
പോത്തുകളെ പിടിച്ചെടുക്കുമ്പോള്‍ ഇവയുടെ സ്ഥിതി വളരെ ദയനീയമായിരുന്നുവെന്നും മൃഗങ്ങള്‍ക്കെതിരെ ക്രൂര പീഡനം നടത്തിയതിന് അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

പി എഫ് എയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട കുറ്റത്തിന് അജ്ഞാതര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടത്തിയത് ഗോ രക്ഷാ പ്രവര്‍ത്തകരല്ല. ഇതുമായി ബന്ധപ്പെട്ട് വിവരം നല്‍കിയത് വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മൃഗ സംരക്ഷണ സംഘടനയായ പി എഫ് എയാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം, പോത്തിനെ കടത്തുന്നവരെ ആക്രമിച്ചെന്ന ആരോപണം നിഷേധിച്ച് പി എഫ് എ രംഗത്തെത്തി. മനഃസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ പോത്തുകളെ കുത്തിനിറച്ച് ട്രക്കില്‍ കൊണ്ടുപോകുന്നുവെന്ന വിവരം പോലീസിന് കൈമാറുകയും അവരെ പിന്തുടരുകയും മാത്രമാണ് ചെയ്തതെന്ന് സംഘടനയുടെ നേതാവ് ഗൗരവ് ഗുപത പറഞ്ഞു. പി എഫ് എ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന ആരോപണം മന്ത്രി മേനകാ ഗാന്ധിയും തള്ളി.
വിവിധ ഭാഗങ്ങളില്‍ ഗോ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ പേരില്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുന്ന സമയത്താണ് മേനകാ ഗാന്ധി അധ്യക്ഷയായ സംഘടനക്കെതിരെ ഇതേ ആരോപണമുയരുന്നത്. ഗോ രക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു മാസം മുമ്പ് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.