Connect with us

Kerala

നാല്‍പ്പതിന്റെ നിറവില്‍ മര്‍കസ്; സ്ഥാപക ദിനാഘോഷം പ്രൗഢമായി

Published

|

Last Updated

മര്‍കസ് നാല്‍പ്പതാം സ്ഥാപക ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ പത്മശ്രീ രവി പിള്ളക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉപഹാരം നല്‍കുന്നു

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച നാല്‍പതാം സ്ഥാപക ദിനം സംസ്ഥാനത്തെ എല്ലാ യൂനിറ്റുകളിലും നടന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഗള്‍ഫ് നാടുകളിലെ വിവിധ സ്ഥലങ്ങളിലും മര്‍കസ് ഡേ ആചരിച്ചു.
യൂനിറ്റ് കേന്ദ്രങ്ങളില്‍ മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചു കൂടി മര്‍കസ് റൂബി ജൂബിലി പ്രചാരണ പോസ്റ്ററും മര്‍കസ് നിധി ബോക്‌സും സ്ഥാപിച്ചു. ഓരോ പ്രദേശത്തെയും സുന്നി സംഘടന നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

അതേസമയം, മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നാല്‍പ്പതാം സ്ഥാപക ദിനാഘോഷം വിവിധ പരിപാടികളോടെ പ്രൗഢമായി നടന്നു. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ രവി പിള്ള മുഖ്യാതിഥിയായി.
ജീവകാരുണ്യ രംഗത്തും വൈജ്ഞാനിക സമര്‍പ്പണത്തിലും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നാല് പതിറ്റാണ്ടു കൊണ്ട് മര്‍കസ് കാഴ്ച വെച്ചതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് സൈന്റിഫിക് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ഔപചാരിക ഉദ്ഘാടന കര്‍മവും രവി പിള്ള നിര്‍വഹിച്ചു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വ്യവസായ രംഗത്ത് ഉന്നത മേഖലകളിലെത്തിയപ്പോഴും സാമൂഹിക സേവന രംഗത്ത് കര്‍മനിരതനായ രവി പിള്ളയുടെ സംഭാവനകള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. നാല്‍പത് വര്‍ഷം കൊണ്ട് മര്‍കസ് നേടിയെടുത്ത വിദ്യാഭ്യാസ ഗവേഷണ രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടായിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡോ. എം എ എച്ച് അസ്ഹരി മര്‍കസ് സൈന്റിഫിക് പ്രൊജക്ട് പരിചയപ്പെടുത്തി സംസാരിച്ചു. പി ടി എ റഹീം എം എല്‍ എ, കാരാട്ട് റസാഖ് എം എല്‍ എ, ചാലിയം എ പി കരീം ഹാജി പ്രസംഗിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപ്പള്ളി, അപ്പോളോ മൂസ ഹാജി, ജലീല്‍ മാട്ടൂല്‍, സത്താര്‍ ഹാജി നാവുണ്ട, തൗഫീഖ് ഹാജി സംബന്ധിച്ചു. മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രവര്‍ത്തകരും സ്ഥാപക ദിനാഘോഷ പരിപാടികളില്‍ സന്നിഹിതരായി.

 

---- facebook comment plugin here -----

Latest