പ്രകാശ്കാരാട്ടിന് മറുപടിയുമായി സിപിഐ; ഇടതുപക്ഷ നിലപാടുകളെ ദുര്‍ബലപ്പെടുത്തിയാല്‍ ശക്തമായി എതിര്‍ക്കും

Posted on: April 13, 2017 4:00 pm | Last updated: April 14, 2017 at 4:52 pm

തിരുവനന്തപുരം: ഇടതുപക്ഷ നിലപാടുകളെ ദുര്‍ബലപ്പെടുത്തിയാല്‍ എതിര്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഭിപ്രായ വ്യത്യാസങ്ങളില്‍ സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. വിവരാവകാശ വിഷയത്തില്‍സര്‍ക്കാര്‍ നിലപാട് ഇടതുപക്ഷ വിരുദ്ധമാണെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.

മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും പിന്നോട്ടില്ല. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തു. പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് മൂന്നാര്‍ വിഷയത്തില്‍ പിന്നോട്ടുപോകേണ്ടെന്ന പൊതു അഭിപ്രായമുണ്ടായതെന്നും കാനം പറഞ്ഞു.

മൂന്നാറില്‍ റവന്യൂവകുപ്പ് നടപ്പാക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമാണ്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും എന്നത് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ്. റവന്യൂ മന്ത്രിയുടെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനും സിപിഐ തീരുമാനിച്ചതായി കാനംരാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.