Sports
സഞ്ജുവിന് ഇന്ത്യന്‍ ടീമിലെത്തണം

പൂനെ: റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ജയം സ്വന്തമാക്കിയത് 97 റണ്‍സിന്. ഡല്‍ഹിക്കായി കേരള താരം സഞ്ജു സാംസണ്‍ നേടിയത് 102 റണ്‍സ് ! ഇതില്‍ നിന്ന് തന്നെ മനസിലാക്കാം ഐ പി എല്ലിലെ പത്താം എഡിഷനിലെ സൂപ്പര്‍ വണ്‍മാന്‍ഷോ സാംസണിന്റെതാണെന്ന്. 63 പന്തുകളില്‍ നിന്നാണ് മലയാളി വിക്കറ്റ് കീപ്പര്‍ 102 റണ്‍സടിച്ച് കൂട്ടിയത്. എട്ട് ഫോറും അഞ്ച് സിക്‌സറും. റൈസിംഗ് പൂനെയുടെ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് എന്നത് യാദൃശ്ചികത. ഐ പി എല്‍ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ സഞ്ജു കരിയറിലെ മികച്ച ഇന്നിംഗ്‌സായിട്ടാണ് ഇതിനെ കാണുന്നത്. ജീവിതത്തിലെ ഏറെ പ്രത്യേകത നിറഞ്ഞദിവസമാണിത്, ഈ സെഞ്ച്വറി സംഭവിച്ചതില്‍ ഏറെ സന്തോഷിക്കുന്നു. ഏതൊരു ഇന്ത്യന്‍ ക്രിക്കറ്ററേയും പോലെ ദേശീയ ടീമില്‍ കളിക്കുന്നതാണ് എന്റെയും സ്വപ്നം. ലോകത്ത്ിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. എന്നാല്‍, ആ ടീമിന്റെ ഭാഗമാകുവാന്‍ ഞാനേറെ യത്‌നിക്കേണ്ടിയിരിക്കുന്നു – സഞ്ജു പറഞ്ഞു.
സെഞ്ച്വറി പ്രകടനത്തിന് തന്നെ സഹായിച്ചത് രാഹുല്‍ ദ്രാവിഡും സുബിന്‍ ബറൂചയും പാഡ് അപ്ടനും ഉള്‍പ്പെടുന്ന ടീം സ്റ്റാഫുകളാണെന്ന് സഞ്ജു സ്മരിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 205റണ്‍സെടുത്തപ്പോള്‍ റൈസിംഗ് പൂനെ 16.1 ഓവറില്‍ 108ന് ആള്‍ ഔട്ടായി. ഐ പി എല്ലില്‍ ഡല്‍ഹിയുടെ ഏറ്റവും വലിയ വിജയമായി ഇത് മാറുകയും ചെയ്തു.