പാക് നാവികസേനാ ബോട്ട് മറിഞ്ഞ് അപകടത്തില്‍പെട്ടവരെ ഇന്ത്യന്‍ സേന രക്ഷിച്ചു

Posted on: April 12, 2017 8:08 pm | Last updated: April 12, 2017 at 8:08 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് പിന്തുടരുന്നതിനിടെ അപകടത്തില്‍പെട്ട് മുങ്ങിയ പാക് നാവികസേനാ ബോട്ടിലെ രണ്ട് നാവികരെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. ഇന്ത്യന്‍ നാവികനായിരുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യം നിലനില്‍ക്കെയാണ് പാക് നാവികരെ രക്ഷിച്ച് ഇന്ത്യന്‍ സൈന്യം മഹത്തായ മാതൃക കാട്ടിയത്. അതും ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പിടികൂടാനായി എത്തിയ പാക് ബോട്ടിലുള്ളവരെ!

ഗുജറാത്ത് തീരത്താണ് സംഭവം. ഏഴ് ബോട്ടുകളിലായി എത്തിയ പാക് നാവികര്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളെ വളഞ്ഞിട്ട് പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു ബോട്ട് മറ്റൊന്നില്‍ തട്ടി മറിയുകയായിരുന്നു. ആറ് നാവികരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു. ഒരാളെ കാണാനില്ല. രണ്ട് പേരെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തു.