Connect with us

Gulf

ഷാര്‍ജ ഉത്സവലഹരിയില്‍; കാഴ്ചയുടെ വിരുന്നൊരുക്കി പൈതൃകമേള

Published

|

Last Updated

പൈതൃക നഗരിയില്‍ കരിങ്കല്‍ ചീളുകള്‍കൊണ്ട് നിര്‍മിച്ച പരമ്പരാഗത വീട്

ഷാര്‍ജ: സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഷാര്‍ജ പൈതൃകമേള. റോള ബേങ്ക് സ്ട്രീറ്റിലെ ഹേര്‍ട് ഓഫ് ഷാര്‍ജയില്‍ നടന്നുവരുന്ന പൈതൃകമേള വന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. വൈവിധ്യമാര്‍ന്ന പൗരാണിക ഉത്പന്നങ്ങളുടെയും നിര്‍മിതികളുടെയും മറ്റും വിശാലമായ വിപണിയും പ്രദര്‍ശനവും ഒരുക്കിയാണ് മേള ജനശ്രദ്ധയാകര്‍ഷിക്കുന്നത്.

സ്വദേശി, വിദേശി വ്യത്യാസമില്ലാതെ വന്‍ സന്ദര്‍ശകപ്രവാഹമാണ് രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ മേള നഗരിയിലേക്ക്. അവധി ദിവസങ്ങളിലെത്തിയ സന്ദര്‍ശകരുടെ എണ്ണം അധികൃതരുടെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ചു.
സാധാരണ ദിനങ്ങളിലും നൂറുകണക്കിന് സന്ദര്‍ശകര്‍ മേളക്കെത്തുന്നുണ്ട്. സന്ദര്‍ശകരിലേറെയും സ്വദേശികളാണ്. കുടുംബസമേതമാണ് ഭൂരിഭാഗവും എത്തുന്നത്. വിദേശികള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണമുണ്ട്. എന്നാല്‍ കുടുംബങ്ങളെ അനുവദിക്കുന്നുണ്ട്.
സന്ദര്‍ശകരെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍കിംഗ് സൗര്യമാണ് പരിസരത്ത് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരത്തോടെയാണ് മേളക്ക് തുടക്കം. രാത്രി വൈകുംവരേയും തുടരും. ഹേര്‍ട് ഓഫ് ഷാര്‍ജയിലെ ചുറ്റുമതിലുകള്‍ക്കിടയിലെ വിശാലമായ സ്ഥലത്താണ് മേള.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ മേളയില്‍ ലഭ്യമാണ്. പാചകവും ഇവിടെയുണ്ട്. പരമ്പരാഗത നാടോടി നൃത്തങ്ങളും കലാപ്രകടനങ്ങളും പാശ്ചാത്യ കലാപരിപാടികളും മേളക്കെത്തുന്നവര്‍ക്ക് ആനന്ദം പകരുന്നു.
കുടുംബത്തിന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ഉല്ലസിക്കാനും കുട്ടികള്‍ക്ക് ഓടിച്ചാടി കളിക്കാനും മറ്റുമുള്ള സൗകര്യം നഗരിയിലുണ്ട്.
പുതുതലമുറക്ക് വിസ്മയവും കൗതുകവും ഓരോ കാഴ്ചയും പകരുമ്പോള്‍ പഴയതലമുറക്ക് പൗരാണിക കാഴ്ചകള്‍ കണ്‍മുന്നില്‍ കാണുമ്പോള്‍ ആശ്ചര്യമുളവാക്കുന്നു.
പഴയകാലത്തെ കാലിച്ചന്തകള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍, വെള്ളിയാഴ്ചക്കമ്പോളങ്ങള്‍, കരിങ്കല്‍ ചീളുകള്‍ ചേര്‍ത്ത് ആദിമകാലത്തെ സമൂഹം താമസിച്ചിരുന്ന വീടുകള്‍, കൃഷിയിടങ്ങള്‍, കൃഷിസ്ഥലങ്ങളിലേക്കുള്ള ജലസേചന ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം മേളക്കെത്തുന്ന പുതുതലമുറക്ക് വിസ്മയം പകരുന്നു. ഇവയൊക്കെയും മേളയില്‍ പുനര്‍നിര്‍മിച്ചതാണ്.

പരമ്പരാഗത രീതിയിലുള്ളവയാണ് പല സ്റ്റാളുകളും. ഗാവയും മധുരവും നല്‍കി സന്ദര്‍ശകരെ സ്വീകരിക്കുന്നതും കാഴ്ചയാണ്. അറബികളുടെ പരമ്പരാഗത നൃത്തങ്ങള്‍ ഏറെ ആകര്‍ഷണീയമാണ്.
കൈകൊണ്ട് ഗോതമ്പ് പൊടിക്കുന്ന കര്‍ഷകനും കാളയെ ഉപയോഗിച്ച് കിണറില്‍നിന്ന് വെള്ളം കോരിയെടുക്കുന്ന സ്ത്രീയുമെല്ലാം കാണികള്‍ക്ക് വിസ്മയം പകരുന്നു.
യു എ ഇക്ക് പുറമെ 30 രാജ്യങ്ങളുടെ പങ്കാളിത്തം ഇത്തവണത്തെ മേളയെ ശ്രദ്ധേയമാക്കുന്നു. കഴിഞ്ഞ വര്‍ഷംവരെ ജി സി സി രാജ്യങ്ങളാണ് പ്രധാനമായും മേളയുടെ ഭാഗമായിരുന്നത്.
വിവിധ രാജ്യങ്ങളിലെ നാടുനീങ്ങിയതും നിലവിലുള്ളതുമായ സാംസ്‌കാരിക ചിഹ്നങ്ങളും സ്തൂപങ്ങളുടെ രൂപങ്ങളും പ്രദര്‍ശനത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. പൗരാണിക കാലത്തെ ജീവിതരീതികളും ആചാരങ്ങളും മറ്റും പുതിയ തലമുറക്ക് നേരില്‍ കാണാനുള്ള അവസരമാണ് പൈതൃകമേള.
ഇക്കഴിഞ്ഞ നാലിനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഈ മാസം 22 വരെ നീണ്ടുനില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

 

Latest