വിമാനക്കമ്പനികള്‍ ഗെയ്ക്ക് വാദിനുള്ള വിലക്ക് നീക്കി; വഴങ്ങാതെ പൈലറ്റുമാര്‍

Posted on: April 8, 2017 1:26 pm | Last updated: April 8, 2017 at 1:26 pm

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചതിനെ തുടര്‍ന്ന് ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദിന് വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിച്ചു. ഇന്നലെ എയര്‍ ഇന്ത്യ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ മറ്റു വിമാനക്കമ്പനികളും വിലക്ക് നീക്കിയതായി അറിയിച്ചു. അതേസമയം, ഗെയ്ക്ക് വാദ് ഉണ്ടെങ്കില്‍ ആ വിമാനം തങ്ങള്‍ പറത്തില്ലെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു. ഗെയ്ക്ക് വാദ് മാപ്പ് പറയാന്‍ തയ്യാറാകുന്നതുവരെ ഇത് തുടരുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ഗെയ്ക്ക് വാദും അറിയിച്ചു. സംഭവത്തില്‍ ഖേദമുണ്ട് എന്നാല്‍ മാപ്പ് പറയാന്‍ സാധിക്കില്ലെന്ന എന്ന നിലപാടിലാണ് എംപി.

സിവില്‍ വ്യോമയാന് മന്ത്രി അശോക് ഗജപതി രാജുവിന് നല്‍കിയ കത്തിലാണ് സംഭവത്തില്‍ ഗെയ്ക്ക് വാദം ഖേദം പ്രകടിപ്പിച്ചത്. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ എയര്‍ ഇന്ത്യയോട് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

വിമാനക്കമ്പനികള്‍ വിലക്ക് നീക്കിയെങ്കിലും പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ശക്തമായ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. നിരുപാധികം മാപ്പ് പറയാതെ ഒരു നിലക്കും ഗെയ്ക്ക് വാദിനേയുമായി വിമാനം പറത്തില്ലെന്ന ഉറച്ച നിലപാടിലാണ് പൈലറ്റുമാര്‍.