ഫോണ്‍കെണി: ചാനല്‍ മേധാവി അടക്കം ഒന്‍പത് പേര്‍ കീഴടങ്ങി

Posted on: April 4, 2017 1:30 pm | Last updated: April 4, 2017 at 7:44 pm

തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട കേസില്‍ മംഗളം ചാനല്‍ സിഇഒ അജിത്കുമാര്‍ അടക്കം എട്ട് പേര്‍ കീഴടങ്ങി. രാവിലെ ഒന്‍പത് മണിയോടെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായ ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം പത്ത് പ്രതികളില്‍ രണ്ട് പേര്‍ ഹാജരായിട്ടില്ല. ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ച പെണ്‍കുട്ടി, ചാനല്‍ ചെയര്‍മാന്‍ എന്നിവരാണ് ഹാജരാകാത്തത്.

ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയും ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയുമാണ് പ്രതികള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. നേരത്തെ പ്രതികളുടെ അറസ്റ്റ് തടയാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതിനിടെ, തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കാണാനില്ലെന്ന് കാണിച്ച് ചാനല്‍ മേധാവി പോലീസില്‍ പരാതി നല്‍കി. മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.