Connect with us

International

പാക്കിസ്ഥാനില്‍ സൂഫി ദര്‍ഗയില്‍ ആക്രമണം; 20 മരണം

Published

|

Last Updated

ലാഹോര്‍: പാക്കിസ്ഥാനില്‍ സൂഫി ദര്‍ഗയിലുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ലാഹോറില്‍ നിന്ന് 163 കിലോമീറ്റര്‍ അകലെ ചാക് 95 എന്ന ഗ്രാമത്തിലാണ് സംഭവം. അലി മുഹമ്മദ് ഗുജ്ജാര്‍ ദര്‍ഗയിലെത്തിയ വിശ്വാസികള്‍ക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന് ശേഷമാണ് വിശ്വാസികളെ കൊന്നത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. ദര്‍ഗയുടെ സൂക്ഷിപ്പുകാരനായ അബ്ദുല്‍ വഹീദിനെയും സഹായികളെന്ന് സംശയിക്കുന്ന മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഠാരകൊണ്ടും ഇരുമ്പ് ദണ്ഡുകൊണ്ടും പ്രതി വിശ്വാസികളെ ആക്രമിച്ചു. സംഭവ സ്ഥലത്ത് നിന്ന് ഭയന്നോടിയ സ്ത്രീകളും കുട്ടികളും അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരും പോലീസും ദര്‍ഗയിലേക്കെത്തിയത്. അപ്പോഴേക്കും പ്രതികള്‍ പലരെയും കൊലപ്പെടുത്തിയിരുന്നു. ദര്‍ഗയിലും സൂഫി കേന്ദ്രങ്ങളിലും വ്യാപകമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന സലഫിസ്റ്റ് തീവ്രവാദി സംഘടനയായ ഇസില്‍, താലിബാന്‍ എന്നി സംഘടനകള്‍ക്ക് ആക്രമണങ്ങളുമായി ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. ദര്‍ഗയുടെ പരിപാലകനായ അബ്ദൂല്‍ വഹീദ് സലഫിസ്റ്റ് ആദര്‍ശത്തിലേക്ക് ആകൃഷ്ടനായതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും അഭ്യൂഹമുണ്ട്.