Connect with us

International

ദലൈലാമയുടെ സന്ദര്‍ശത്തിനെതിരെ ചൈന

Published

|

Last Updated

ബീജിംഗ്: തിബറ്റ് ആത്മീയ നേതാവ് ദലൈലാമക്ക് അരുണാചല്‍ സന്ദര്‍ശനത്തിന് അവസരമൊരുക്കുന്നതിനെതിരെ ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുമായി ചൈന. ഇന്ത്യയുമായുള്ള ബന്ധത്തില്‍ കനത്ത വിള്ളലുണ്ടാകുമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ വാര്‍ത്തയില്‍ തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലി കാംഗ് പ്രതികരിച്ചു. കുറേ കാലമായി ദലൈലാമ വിഘടനവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ്. ദലൈലാമയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്ത്യ മനസ്സിലാക്കണം. എന്നാല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ദലൈലാമക്ക് അനുമതി നല്‍കുകയാണെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അത് ശക്തമായ ഉലച്ചിലുണ്ടാക്കുമെന്നും ലു പറഞ്ഞു.

ഈ മാസം നാല് മുതല്‍ 13 വരെയാണ് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ ചൈന രംഗത്ത് വന്നിരിക്കുന്നത്. അരുണാചല്‍ സന്ദര്‍ശനത്തിന് ദലൈലാമക്ക് ഇന്ത്യ അനുമതി നല്‍കിയതിനെതിരെ കഴിഞ്ഞ വര്‍ഷം ചൈന കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇന്ത്യ- ചൈന ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.
വികസിച്ച് കൊണ്ടിരിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കാത്ത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഇരുരാജ്യത്തേയും ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.