ശശീന്ദ്രനെ കുടുക്കിയ ഹണി ട്രാപ്പ് പോലീസ് അന്വേഷിക്കും

Posted on: March 31, 2017 7:10 am | Last updated: March 30, 2017 at 8:11 pm

തിരുവനന്തപുരം: മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച പെണ്‍കെണിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പോലീസ് അന്വേഷണം വരും. സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മലപ്പുറം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും തിരുവനന്തപുരം സൈബര്‍ സെല്ലിലും ലഭിച്ച പരാതികള്‍ക്കു പുറമെ ഒരുകൂട്ടം വനിതാ മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. വിവാദം സൃഷ്ടിച്ച ടി വി ചാനലില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ച വനിതാ മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക് പോസ്റ്റും അവര്‍ പരാതിക്കൊപ്പം നല്‍കി. ഇത് ഡി ജി പിക്ക് കൈമാറിയതായും ഡല്‍ഹിയിലുള്ള ഡി ജി പി ലോക്‌നാഥ് ബെഹ്‌റ തിരിച്ചെത്തുന്ന മുറക്ക് പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന് സമാന്തരമായി പോലീസ് അന്വേഷണവും നടത്താനാണ് തീരുമാനം.

മന്ത്രിയെ കുടുക്കാനുള്ള പദ്ധതി മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വാര്‍ത്ത സംപ്രേഷണം ചെയ്ത മാധ്യമത്തില്‍ നിന്ന് രാജിവെച്ച മാധ്യമ പ്രവര്‍ത്തകയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അഞ്ച് റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ തീരുമാനിച്ചിരുന്നുവെന്നും മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായിരുന്നു ഇതെന്നും അവര്‍ വ്യക്തമാക്കുന്നു.
പെണ്‍കെണിയിലേക്ക് ലക്ഷ്യമിടേണ്ട ഉന്നതരുടെ പട്ടിക തയ്യാറാക്കി തന്നെയായിരുന്നു ആസൂത്രണമെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ബൈറ്റ് എടുക്കാനെന്ന പേരിലാണ് ശശീന്ദ്രനെ യുവതി ആദ്യം സമീപിച്ചിരുന്നത്. തുടര്‍ന്ന് നമ്പര്‍ കൈമാറി. ഇടക്കിടെ സന്ദേശങ്ങള്‍ അയച്ചു. തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും ഒറ്റക്കാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് ഈ പണി ചെയ്യുന്നതെന്നും ഇവര്‍ ശശീന്ദ്രനോട് പറഞ്ഞുവത്രേ. ശശീന്ദ്രന്റെ പൂര്‍ണ വിശ്വാസം നേടിയെടുത്ത ശേഷമാണ് കെണിയൊരുക്കിയത്.

വനിതയുടെ ഭാഗത്തു നിന്ന് നിലമറന്ന സംഭാഷണങ്ങള്‍ വന്നെന്നും ഇക്കാരണത്താലാണ് പുറത്തുവിട്ട ശബ്ദരേഖയില്‍ പെണ്‍ശബ്ദം ഇല്ലാത്തതെന്നും പോലീസ് കരുതുന്നു.