ബേങ്ക് ഇടപാടുകള്‍ക്ക് ആധാര്‍: ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

Posted on: March 30, 2017 7:43 am | Last updated: March 29, 2017 at 11:44 pm

ന്യൂഡല്‍ഹി: ബേങ്ക് ഇടപാടുകള്‍ക്കും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ജി എസ് ടി ബില്ലില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എം പി. പി ചിദംബരമാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ ആശങ്കയറിയിച്ചത്.
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ ബേങ്ക് ഇടപാടുകള്‍ക്കും ആദായ നികുതി റിട്ടേണിനും എങ്ങനെ ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് ചിദംബരം ചോദിച്ചു.

ആധാര്‍ ലിങ്ക് ചെയ്യുന്നതിലൂടെ വ്യക്തിയുടെ സ്വകാര്യത എങ്ങനെ ഉറപ്പുവരുത്താനാകുമെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നത് ചിദംബരം ചൂണ്ടിക്കാണിച്ചു. അതേസമയം ധോണിയുടെ വ്യക്തിഗത വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്ന് വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.