തിരൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ അക്രമം; ആര്‍ എസ് എസുകാര്‍ അറസ്റ്റില്‍

Posted on: March 28, 2017 9:30 am | Last updated: March 28, 2017 at 1:30 am

തിരൂര്‍: വെട്ടത്ത് ക്ഷേത്ര ഉത്സവത്തിനിടെ വ്യാപക അക്രമം. ഞായറാഴ്ച രാത്രിയില്‍ വെട്ടത്ത് കാവ് ക്ഷേത്ര ഉത്സവത്തിനിടെയാണ് അക്രമങ്ങള്‍ നടന്നത്.
മുമ്പ് നടന്ന അക്രമ സംഭവങ്ങളിലെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ പ്രതിയെ തിരൂര്‍ എസ് ഐയും സംഘവും പിടികൂടിയതിനു പിന്നാലെ സംഘം വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. ഇവര്‍ പോലീസുമായി ഏറെ നേരം വാക്കേറ്റമുണ്ടായി. സി പി എം പ്രവര്‍ത്തകനും ക്ഷേത്ര കമ്മിറ്റി ഭാരവാഹിയുമായ ഉണ്ണികൃഷ്ണന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പൂര്‍ണമായി കത്തിനശിച്ചു. വെട്ടത്തക്കാവ് പാലക്കാവളപ്പില്‍ മടപ്പള്ളിയില്‍ മുഹമ്മദ് ഇഖ്ബാലിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ഞായറാഴ്ച്ച അര്‍ധ രാത്രിയാണ് കത്തിയത്. വെട്ടത്തക്കാവ് ഉത്സവം കണ്ട് മടങ്ങിവരുന്നവരാണ് സ്‌കൂട്ടര്‍ കത്തുന്നത് കണ്ടത്.

ഉടന്‍ എല്ലാവരും കൂടി തീയണച്ചുവെങ്കിലും അപ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. സംഘര്‍ഷ സ്ഥലത്ത് നിന്ന് നാല് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.