സിറിയയിലെ ഇസില്‍ കേന്ദ്രം വിമത സേന പിടിച്ചെടുത്തു

Posted on: March 28, 2017 9:27 am | Last updated: March 27, 2017 at 11:44 pm

ദമസ്‌കസ്: യു എസ് പിന്തുണയോടെ സിറിയയില്‍ സൈനിക ആക്രമണം നടത്തുന്ന വിമത സഖ്യ സേന സുപ്രധാന ഇസില്‍ കേന്ദ്രം പിടിച്ചെടുത്തു. ഇസില്‍ ശക്തിപ്രദേശമായ റഖയിലെയും തബ്ഖയിലെയും സൈനിക കേന്ദ്രങ്ങള്‍ ഇസില്‍ തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തതായി സൈനിക വക്താക്കള്‍ അറിയിച്ചു. നൂറ് കണക്കിന് സിറിയന്‍ സൈനികരെ കൊന്നൊടുക്കിയാണ് 2014ല്‍ ഇസില്‍ ഇവിടുത്തെ സൈനിക ആസ്ഥാനങ്ങള്‍ പിടിച്ചെടുക്കുന്നത്.

ഞായറാഴ്ച വൈകുന്നേരത്തോടെ തബ്ഖയിലെ സൈനിക ആസ്ഥാനം ഇസിലിന് നഷ്ടമായിട്ടുണ്ടെന്നും ഇവിടെ നിന്ന് പൂര്‍ണമായും തീവ്രവാദികളെ തുരത്താന്‍ വിമത സേനക്ക് സാധിച്ചിട്ടുണ്ടെന്നും വിമത വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ട്. അമേരിക്കന്‍ വ്യോമസേനയുടെ കനത്ത ആക്രമണങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലടക്കം മിസൈലുകള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, യൂഫ്രട്ടീസ് നദിയിലെ തബ്ഖ ഡാം പിടിച്ചെടുക്കാനുള്ള ശ്രമം വിമത സേന താത്കാലികമായി ഉപേക്ഷിച്ചു. ഏറ്റുമുട്ടലിനിടെ ഡാം തകര്‍ന്നാലുള്ള വന്‍ ദുരന്തം മുന്നില്‍ക്കണ്ടാണ് ഈ തീരുമാനം.
കുര്‍ദ്, അറബ്, തുര്‍ക്കി എന്നിവരുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് സേനയാണ് റഖയിലെയും തബ്ഖയിലെയും ഇസില്‍ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനായി സൈനിക മുന്നേറ്റം നടത്തുന്നത്.
സിറിയന്‍ സൈന്യത്തിനെതിരെ നിരന്തരം കലാപം നടത്തുന്ന വിമത ചേരിയിലുള്ളവരുടെ സൈനിക സഖ്യമാണിത്. ഇവര്‍ക്ക് പിന്തുണയുമായി അമേരിക്കയുടെ വ്യോമസേന സജീവമായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.
അരലക്ഷത്തോളം വരുന്ന ആയുധധാരികളാണ് റഖ പ്രവിശ്യയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. റഖക്ക് സമീപത്തെ തബ്ഖ അണക്കെട്ടിനടുത്താണ് ഇപ്പോള്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. 4.5 വ്യാപ്തിയില്‍ പരന്നുകിടക്കുന്ന ഡാമും ഡാമിന് അരികിലെ സൈനിക കേന്ദ്രവും മൂന്ന് വര്‍ഷം മുമ്പാണ് ഇസില്‍ പിടിച്ചെടുക്കുന്നത്.

അതിനിടെ, നിരന്തരമായ വ്യോമാക്രമണത്തിലും ഏറ്റുമുട്ടലിലുമായി അണക്കെട്ട് നശീകരണത്തിന്റെ വക്കിലാണെന്നും കനത്ത വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ക്ക് ഇസിലും വിമത സൈന്യവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമത സേനയെ നേരിടാന്‍ തീവ്രവാദികള്‍ അണക്കെട്ട് തകര്‍ക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇത് മുന്നില്‍കണ്ട് ശ്രദ്ധയോടെയാണ് സൈന്യം നീങ്ങുന്നത്.