Connect with us

Kerala

മെഡിക്കല്‍ പ്രവേശനം: സംയുക്ത സമിതി വേണമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍

Published

|

Last Updated

തിരുവനന്തപുരം: നീറ്റ് റാങ്ക് പട്ടികയില്‍ നിന്ന് പ്രവേശനം നടത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാറും മാനേജ്‌മെന്റ് പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കണമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍. പ്രവേശന മാനദണ്ഡവും ഫീസും നിശ്ചയിക്കാന്‍ സംയുക്ത സമിതി വേണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.

മുഴുവന്‍ മെഡിക്കല്‍ സീറ്റിലേക്കും നീറ്റ് റാങ്ക് പ്രകാരം ഏകീകൃത കൗണ്‍സിലിംഗ് വഴി പ്രവേശനം നടത്തണമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിന് അനുസൃതമായ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാശ്രയ മാനേജ്‌മെന്റുകളോട് അഭ്യര്‍ഥിച്ചു.

സുപ്രീം കോടതി വിധികളുടെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശങ്ങളുടെയും വെളിച്ചത്തില്‍ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും പങ്കെടുത്തു. മുന്‍വര്‍ഷത്തെപ്പോലെ 50 ശതമാനം സര്‍ക്കാര്‍ സീറ്റ്, 50 ശതമാനം മാനേജ്‌മെന്റ് സീറ്റ് എന്നനില സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇല്ലാതായെന്നും നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഏകീകൃത കൗണ്‍സിലിംഗ് വഴി പ്രവേശനം നടത്തുക മാത്രമേ വഴിയുള്ളൂവെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വിശദീകരിച്ചു. അമൃത പോലുള്ള കല്‍പിത സര്‍വകലാശാലകള്‍ക്കും സുപ്രീം കോടതി വിധി ബാധകമാണ്. സുപ്രീം കോടതി വിധി നടപ്പാക്കുമ്പോള്‍ മെഡിക്കല്‍ കോളജ് നടത്താനുള്ള ചെലവു കൂടി കണക്കിലെടുത്ത് ഏകീകൃത ഫീസ് നിശ്ചയിക്കണമെന്നും ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് സര്‍ക്കാറിന്റെയും മാനേജ്‌മെന്റിന്റെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി വേണമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 2006ല്‍ കൊണ്ടുവന്നതുപോലെ ഒരുനിയമം കൊണ്ടുവരാനുള്ള സാധ്യത ആരായണമെന്നും അവര്‍ നിര്‍ദേശിച്ചു.
ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ നിയമവശം പരിശോധിച്ച് വീണ്ടും യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest