റോഹിംഗ്യന്‍ കൂട്ടക്കുരുതി: അടിയന്തര അന്വേഷണം: യു എന്‍

Posted on: March 25, 2017 12:21 am | Last updated: March 24, 2017 at 11:24 pm
SHARE
ജനീവയില്‍ നടന്ന യു എന്‍ ചരച്ച

ജനീവ: മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന കൂട്ടക്കുരുതി യു എന്‍ അന്വേഷിക്കും. യു എന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ ദൗത്യ സംഘം മ്യാന്മറിലേക്ക് പുറപ്പെടുമെന്ന് യു എന്‍ വൃത്തങ്ങള്‍ അറിയിച്ചു. റാഖിനെയിലെ പതിനായിരക്കണക്കിന് വരുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ അതി ക്രൂരമായ ആക്രമണമാണ് സൈന്യവും സര്‍ക്കാര്‍ പിന്തുണയോടെ പോലീസും നടത്തിയതെന്ന യു എന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കൂട്ടക്കൊല, ബലാത്സംഗം, ആക്രമണം, നരഹത്യ തുടങ്ങിയ ക്രൂരതകള്‍ റാഖിനെയില്‍ നടന്നിട്ടുണ്ടെന്ന് ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ യു എന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വസ്തുതകളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
സ്വതന്ത്രരായ അന്താരാഷ്ട്ര അന്വേഷണ സംഘത്തെ അടിയന്തരമായി മ്യാന്മറിലേക്ക് അയക്കാനും മുഴുവന്‍ വിഷയങ്ങളിലും വസ്തുനിഷ്ഠമായ അന്വേഷണം നടത്താനും ജനീവയില്‍ നടന്ന മനുഷ്യാവകാശ കൗണ്‍സില്‍ തീരുമാനിച്ചു. കുറ്റവാളികളെ ഉത്തരവാദിത്വത്തോടെ സമീപിക്കുകയും ഇരകളുടെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘത്തെയായിരിക്കും ഇതിനായി നിയമിക്കുക. ഇന്ത്യ, ഇ യു, ക്യൂബ, ചൈന എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുടെ പൂര്‍ണ പിന്തുണ അന്വേഷണ സംഘത്തിനുണ്ടാകും.
കഴിഞ്ഞ ഒക്‌ടോബറില്‍ റാഖിനെയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പത്ത് ലക്ഷത്തോളം ജനങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ക്രൂരമായ ആക്രമണങ്ങള്‍ സൈന്യം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. സമാധാന നൊബേല്‍ ജേതാവ് ആഗ് സാംഗ് സൂകിയുടെ ഭരണകൂടം അനുകൂലമായ സമീപനമാണ് റോഹിംഗ്യന്‍ കൂട്ടക്കുരുതി നടത്തിയ സൈന്യത്തോട് കാണിച്ചത്. ബുദ്ധ തീവ്രവാദികളെ സൂകി ഭരണകൂടം പൂര്‍ണമായും പിന്തുണക്കുകയാണ്.
അതേസമയം, റാഖിനെയിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരെ വിലക്കേര്‍പ്പെടുത്തിയ മ്യാന്മര്‍ ഭരണകൂടം യു എന്‍ അന്വേഷണത്തോട് സഹകരിക്കുമോയെന്നത് വ്യക്തമല്ല. റോഹിംഗ്യന്‍ വിഷയത്തില്‍ യു എന്‍ നടത്തിയ ഇടപെടലിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന രീതിയാണ് സര്‍ക്കാറിന്റേത്.
എന്നാല്‍, ബംഗ്ലാദേശിലും മറ്റും കഴിയുന്ന അഭയാര്‍ഥികളുമായി സംസാരിച്ച് അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനാണ് യു എന്‍ തീരുമാനം. മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തെ മ്യാന്മര്‍ ശക്തമായി എതിര്‍ത്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here