ലോക വിന്റര്‍ ഗെയിംസില്‍ ഖത്വറിന് സ്വര്‍ണം

Posted on: March 24, 2017 7:13 pm | Last updated: March 24, 2017 at 7:16 pm
മെഡല്‍ ജേതാവ് ഹമദ് ജാബിര്‍

ദോഹ: സ്‌പെഷ്യല്‍ ഒളിംപിക്‌സ് വേള്‍ഡ് വിന്റര്‍ ഗെയിംസില്‍ ഖത്വറിന് സ്വര്‍ണം. ഹമദ് ജാബിര്‍ അല്‍ ബിഹൈ ആണ് 222 മീറ്റര്‍ സ്‌കേറ്റിംഗില്‍ സ്വര്‍ണം നേടിയത്. 54.429 സെക്കന്‍ഡിലാണ് ഹമദ് ജാബിര്‍ സ്വര്‍ണക്കുതിപ്പു നടത്തിയത്. തൊട്ട എതിരാളിയായിരുന്ന ജമൈകയുടെ ഡേവ് ഓഡ്മാനെ 0.3 സെക്കന്‍ഡിനു പിറകിലാക്കിയായിരുന്നു നേട്ടം.

സ്വര്‍ണ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഹമദ് അംഗീകാരം ഖത്വര്‍ ജനതക്കു സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു. ഹമദിന്റെ നേട്ടത്തെ ഖത്വര്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആമിര്‍ അല്‍ മുല്ലയും അഭിനന്ദിച്ചു. ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍ താനിയുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഈ നേട്ടത്തിന്റെ കാരണം. ഖത്വരി ജനതക്ക് എല്ലാ മേഖലയിലും മുന്നേറാന്‍ കഴിയുമെന്നതിന്റെ തെളിവു കൂടിയാണിത്. വിജയത്തിനു പ്രയത്‌നിച്ചവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.