Connect with us

Gulf

മദ്‌റസാ അധ്യാപകന്റെ കൊലയില്‍ പ്രതിഷേധിച്ചു

Published

|

Last Updated

ദോഹ: കാസര്‍കോട് പഴയ ചൂരിയിലെ മദ്‌റസാ ആധ്യാപകന്‍ റിയാസ് മൗലവിയെ വര്‍ഗീയ ഫാസിസ്റ്റ് സംഘ് പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്ലാതെ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം അത്ത്യന്തം നിഷ്ഠൂരവും ക്രൂരവുമാണെന്ന് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹകീം, ജന. സെക്രട്ടറി സാദിഖ് പക്യാര ട്രഷര്‍ ശംസുദ്ദീന്‍ ഉദിനൂര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. സമാധാനം നിലനില്ക്കുന്ന കാസര്‍കോടും പരിസര പ്രദേശങ്ങളിലും വീണ്ടും അശാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സംഘങ്ങളെ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ദോഹ: മുഹമ്മദ് റിയാസ് മൗലവിയെ താമസ കേന്ദ്രത്തില്‍ കയറി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതി പ്രതിഷേധിച്ചു. കൊടിഞ്ഞിയില്‍ ഇസ്‌ലാം മതം സ്വീകരിച്ച യുവാവിനെ സംഘപരിവാരം വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കാസര്‍കോട് ഇരുട്ടിന്റെ മറവില്‍ കലാപത്തിന് തിരികൊളുത്താനുള്ള നീക്കം നടന്നിരിക്കുന്നത്. പോലിസുകാര്‍ തന്നെ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അതിക്രമം നടത്തി. പോലിസ് സംഘപരിവാരത്തിന്റെ ചട്ടുകമായി മാറുന്നതിന്റെ നേര്‍സാക്ഷ്യമാണ് താനൂരിനു പിറകെ കാസര്‍കോടും നടക്കുന്നതെന്നും കേരളത്തിലും മുസ്‌ലിംകള്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി.

ദോഹ: ഒരു പ്രകോപനവുമില്ലാതെ നടന്ന കൊലപാതകം പൈശാചികവും അത്യന്തം ഞെട്ടലുളവാക്കുന്നതുമാണെന്ന് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ദോഹ: കാസര്‍കോട് ടൗണിനെയും സമീപ പ്രദേശങ്ങളെയും ഭീതിയിലെക്കും അശാന്തിയിലേക്കും തള്ളി വിടുന്നതാണ് പള്ളിയില്‍ വിശ്രമിക്കുകയായിരുന്നു മദ്‌റസാ അധ്യാപകന്‍ റിയാസിനെ വെട്ടി കൊലപ്പെടുത്തിയ സംഭവമെന്നും പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരുന്നതില്‍ പോലീസ് അനാസ്ഥ ഉണ്ടാകരുതെന്നും കള്‍ച്ചറല്‍ ഫോറം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.