രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ ഇനിയും പിടികൂടിയില്ല

Posted on: March 17, 2017 5:14 pm | Last updated: March 17, 2017 at 3:45 pm

ചെര്‍പ്പുളശ്ശേരി: ഗവ യു പി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ ഇനിയും പിടികിട്ടിയില്ല.
സ്‌കൂളിലെ അധ്യാപകനായ കൊപ്പം കൈപ്പുറം സ്വദേശി വി പി ശശികുമാറിനെയാണ് പൊലീസ് തിരയുന്നത്. സ്‌കൂളിലും ജോലിക്ക് ഹാജരായിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫാണ്. ഇയാള്‍ ആദ്യം ജോലിചെയ്തിരുന്ന വയനാട്ടിലും മറ്റും പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.

വീട്ടുകാര്‍ക്കും ഇയാളെ പറ്റി വിവരമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തിട്ടുളളത്. അതേസമയം അധ്യാപകനെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത് കഴിഞ്ഞദിവസം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു.
എ ഇ ഒ യും, സ്‌കൂള്‍ പ്രധാന അധ്യാപികയും, പോലീസും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധവും വ്യാപകമാണ്.