നടുത്തളത്തിലെ പ്രതിഷേധം: ചെന്നിത്തലയോട് കയര്‍ത്ത് ലീഗ് അംഗങ്ങള്‍

Posted on: March 15, 2017 12:17 am | Last updated: March 15, 2017 at 12:17 am

തിരുവനന്തപുരം: താനൂര്‍ സംഘര്‍ഷത്തെ ചൊല്ലിയുള്ള അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവെ രമേശ് ചെന്നിത്തലക്ക് മുന്നില്‍ പ്രതിഷേധവുമായി ലീഗ് അംഗങ്ങള്‍. താനൂര്‍ എം എല്‍ എ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചവരോട് പിന്മാറാന്‍ ആവശ്യപ്പെട്ടതാണ് ലീഗ് എം എല്‍ എമാരെ ചൊടിപ്പിച്ചത്. പി കെ ബശീറിന്റെ നേതൃത്വത്തില്‍ ചെന്നിത്തലയോട് കയര്‍ത്ത് സംസാരിച്ച ലീഗ് അംഗങ്ങള്‍ പരാമര്‍ശത്തിനെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവുമായി ലീഗ് അംഗങ്ങള്‍ കൊമ്പുകോര്‍ത്തപ്പോള്‍ ഭരണപക്ഷം ഡസ്‌കിലടിച്ച് പരിഹസിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് മുസ്‌ലിം ലീഗിനെതിരായ പരാമര്‍ശങ്ങള്‍ സഭാരേഖയില്‍നിന്ന് നീക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം വിലക്കയറ്റത്തിനെതിരെ ലീഗിന്റെ എം ഉമര്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നുള്ള വാക്കൗട്ടിലും ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗത്തിനുശേഷം വാക്കൗട്ട് പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞ് സീറ്റിലിരിക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ ആദ്യം മുദ്രാവാക്യം വിളിച്ചെങ്കിലും ഇറങ്ങിപ്പോക്കില്ലെന്ന് വ്യക്തമായതോടെ അവരും പിന്‍വാങ്ങി.
എന്നാല്‍, തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ ഉപനേതാവും ലീഗിന്റെ കക്ഷി നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി തങ്ങളുടെ പാര്‍ട്ടി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് എല്ലാവരും കൂടി ഇറങ്ങിപ്പോകുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചത്.