ഖത്വറിനെ സ്മാര്‍ട്ടാക്കാന്‍ ഇന്നവേഷന്‍ കമ്യൂണിറ്റി

Posted on: March 10, 2017 9:55 pm | Last updated: March 10, 2017 at 9:16 pm
ഇന്നവേഷന്‍ കമ്യൂണിറ്റി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്ത അധികൃതര്‍

ദോഹ: രാജ്യത്തെ സാങ്കേതിക മികവിലൂടെ പുരോഗതിയിലേക്കു നയിക്കാന്‍ ഇന്നവേഷന്‍ കമ്യൂണിറ്റിക്കു (ക്യു ഐ സി) രൂപം നല്‍കി. ഗതാഗത, ആശയ വിനിമയ മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോര്‍ ഡലിവറി ആന്‍ഡ് ലഗസി, ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക്, ഉരീദു എന്നിവ സംയുക്തായാണ് ഇന്നവേഷന്‍ കമ്യൂണിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. മറ്റു 15 സ്ഥാപനങ്ങള്‍ കൂടി പങ്കുചേരുന്ന പദ്ധതിയുടെ പ്രഖ്യാപനം കിറ്റ്‌കോമില്‍ വെച്ചാണ് നടത്തിയത്.

വ്യത്യസ്ത മേഖലകളില്‍ സ്വന്തം സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് പുരോഗതി പ്രാപിക്കുകയും സാങ്കേതിക രംഗത്ത് മുന്നോട്ടു സഞ്ചരിക്കുകയുണ് പദ്ധതിയുടെ ലക്ഷ്യം. നവീകരണത്തില്‍ മേഖലയുടെ ആസ്ഥാനമായി മാറുകയെന്ന ഖത്വറിന്റെ ലക്ഷ്യത്തെ സാധൂകരിക്കുകയാണ് കമ്യൂണിറ്റിയുടെ ദൗത്യം. മികവു പുലര്‍ത്തുന്ന വ്യക്തികള്‍ക്ക് പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും അവസരം സൃഷ്ടിക്കും. പൊതുജനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകണത്തോടെയാണ് പുരോഗതി സാധ്യമാകൂ എന്നും ഇത്തരമൊരു കൂട്ടായ്മയിലൂടെയാണ് നാളേക്കു വേണ്ടിയുള്ള രാജ്യത്തെ കെട്ടിപ്പടുക്കേണ്ടതെന്നും ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ദ് അല്‍ സുലൈത്വി പറഞ്ഞു.

ഫിഫ വേള്‍ഡ് കപ്പിനും അനുബന്ധമായും നടത്തുന്ന പുരോഗതികള്‍ രാജ്യത്തിന്റെ ചിത്രം ആഗോളാടിസ്ഥാനത്തില്‍ മാറുന്നതിനു കാരണമാകും മത്സരാധിഷ്ഠിതമായി മുന്നോട്ടു പോകുന്നതിനും അവസരം സൃഷ്ടിക്കപ്പെടുന്നു. അനവധി നവീന പദ്ധതികളും ആശയങ്ങളും രാജ്യത്ത് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ക്യു എസ് ടി പി മാനേജിംഗ് ഡയറക്ടര്‍ മെഹര്‍ ഹകീം വിശദീകരിച്ചു. ഖത്വറിന്റെതായ നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലുമാണ് കമ്യൂണിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബന്ധപ്പെട്ട വിഭാഗങ്ങളുമായി സഹകരിച്ച് ഈ രംഗത്ത് പദ്ധതികളും നൂതന സംരംഭങ്ങളും പ്രോത്സാഹിപ്പിക്കും. ഖത്വരി ബ്രാന്‍ഡുകള്‍ വികസിപ്പിക്കുക, പുതിയ ബിസിസ് സംരംഭങ്ങളിലൂടെ രാജ്യത്തിന്റെ സാമൂഹികസമ്പദ് ഘടന വളര്‍ത്തുക, സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ് മാനേജ്‌മെന്റ് വ്യവസായം വികസിപ്പിക്കുക തുടങ്ങി ആധുനകി സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള രാജ്യനവീകരണമാണ് ലക്ഷ്യം വെക്കുന്നത്.

ഇന്നവേഷന്‍ കമ്യൂണിറ്റി ആരംഭിച്ചതോടെ സുപ്രീം കമ്മിറ്റിയും പങ്കാളികളും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി ഒരു ചുവടുകൂടി മുന്നോട്ടു വെക്കുകയാണെന്ന് സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ താനി, നഗരസഭാ പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, ഗതാഗത മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി റീം അല്‍ മന്‍സൂരി, ക്യു എസ് ടി പി ചെയര്‍മാന്‍ ഡോ. ഹമദ് അല്‍ ഇബ്രാഹിം, ഉരീദു സി ഇ ഒ വലീദ് അല്‍ സായിദ് എന്നവര്‍ക്കൊപ്പം ഖത്വര്‍ ചേംബര്‍, അല്‍ ജസീറ നെറ്റ് വര്‍ക്ക്, ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ഖത്വര്‍ ഡവലപ്‌മെന്റ് ബേങ്ക്, ഖത്വര്‍ മ്യൂസിയംസ്, ഖത്വര്‍ ടൂറസം അതോറിറ്റി, ഹമദ് ബിന്‍ ഖലീഫ യൂനിവേവ്‌സിറ്റി, ഖത്വര്‍ യൂനിവേഴ്‌സിറ്റി, ഖത്വര്‍ എയര്‍വേയ്‌സ്, ആസ്പയര്‍ അക്കാദമി, ഖത്വര്‍ നാഷനല്‍ ബേങ്ക്, ഖത്വര്‍ റയില്‍ തുടങ്ങിയവയുടെ പ്രതിനിധികളുമുണ്ടായി.