വി.എം സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു

Posted on: March 10, 2017 1:28 pm | Last updated: March 10, 2017 at 8:22 pm

തിരുവനന്തപുരം: വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അനാരോഗ്യമാണ് കാരണമെന്നാണ് വിശദീകരണം. രാജിക്കത്ത് ഇന്നുതന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയയ്ക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്. രാജിതീരുമാനത്തില്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയമില്ലെന്നും സുധീരന്‍ അറിയിച്ചു. ബദല്‍ ക്രമീകരണങ്ങള്‍ ഉടന്‍തന്നെ എഐസിസി ഏര്‍പ്പെടുത്തുമെന്നും സുധീരന്‍ വ്യക്തമാക്കി.

അടുത്തിടെ കോഴിക്കോട്ട് ഒരു പരിപാടിക്കിടെ വേദിയില്‍ തെന്നിവീണ സുധീരനു വാരിയെല്ലിനു പരുക്കേറ്റിരുന്നു. തുടര്‍ന്നു കഴിഞ്ഞ കുറച്ചുദിവസമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ദീര്‍ഘകാല ചികില്‍സ നടത്തിയെങ്കില്‍ മാത്രമേ ഇതു ഭേദമാക്കാന്‍ സാധിക്കൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സുധീരന്‍ വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തം മുഴുവന്‍ സമയവും പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടി പരിപാടികളില്‍നിന്ന് ഒരു ദിവസം പോലും മാറി നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ജനപക്ഷത്തുനിന്ന് പോരാടേണ്ട സമയമാണിത്. അക്ഷരാര്‍ഥത്തില്‍ കേരളം അരക്ഷിതമായ അവസ്ഥയിലാണ്. അരാജകത്വമാണ് ഇവിടെ നിലകൊള്ളുന്നത്. ജനങ്ങളുടെ ജീവനും സ്ത്രീകളുടെ മാനവും സംരക്ഷിക്കാന്‍ കടപ്പെട്ട സര്‍ക്കാര്‍തന്നെ ഇവിടെ പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രി തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഭരണരംഗത്ത് സമ്പൂര്‍ണ പരാജമായി സംസ്ഥാന ഭരണകൂടം മാറിയിരിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ ആകട്ടെ, സംസ്ഥാനത്തുനിന്നുള്ള ജനപ്രതിനിധികളെ കാണാന്‍ പോലും കൂട്ടാക്കാതെ ഫെഡറലിസത്തന്റെ അന്തസത്ത തന്നെ അപകടത്തിലാക്കുന്നു. വര്‍ഗീയതയാണ് അവരുടെ മുഖമുദ്ര. അവര്‍ ചെയ്യുന്ന ജനദ്രോഹ പ്രവര്‍ത്തനങ്ങളെ വര്‍ഗീയ പ്രചാരണങ്ങളിലൂടെ മറികടക്കാം എന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പുകളെ അവര്‍ സമീപിക്കുന്നത്. വര്‍ഗീയത വന്നാല്‍ മറ്റു വിഷയങ്ങള്‍ ചര്‍ച്ചയാക്കാതെ രക്ഷപ്പെടാം എന്നാണ് അവരുടെ പ്രതീക്ഷ. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ഇത്തരം അനീതികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ മുന്നിട്ടിറങ്ങേണ്ട സമയമാണിത്. എന്നാല്‍ തന്റെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കുന്നില്ല. അവധിയെടുത്തു മാറിനില്‍ക്കാമെങ്കിലും തന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയാണ് പ്രധാനമെന്നും വ്യക്തിപരമായ അസൗകര്യങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ഇതുവരെ എല്ലാ പിന്തുണയും നല്‍കി ഒപ്പംനിന്ന പാര്‍ട്ടി പ്രവര്‍ത്തകരോടു നന്ദിയുണ്ടെന്ന് സുധീരന്‍ പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ച സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും മറ്റു നേതാക്കളോടും നന്ദിയുണ്ട്. പാര്‍ട്ടിയെ അതിന്റെ സുവര്‍ണകാലത്തേക്കു നയിക്കാനാണ് ഈ പദവിയിലിരുന്ന് ശ്രമിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍, സ്ഥാനമൊഴിയേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും സുധീരന്‍ പറഞ്ഞു.

കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എംഎല്‍എ, എംപി, മന്ത്രി, സ്പീക്കര്‍ തുടങ്ങി പാര്‍ട്ടിയിലും സര്‍ക്കാരിലും ഉറച്ച ചുവടുകളോടെ സഞ്ചരിച്ച നേതാവാണ് സുധീരന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴായിരുന്നു സുധീരന്‍ കോണ്‍ഗ്രസിന്റെ അമരത്തേക്ക് എത്തിയത്. അഭിപ്രായങ്ങള്‍ രൂപീകരിക്കാനും അവ സധൈര്യം തുറന്നു പറയാനും അദ്ദേഹം എന്നും ധൈര്യം കാണിച്ചു.ഈ കരുത്താണു മൂന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് സംസ്ഥാനത്തെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ സുധീരനെ ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ഉമ്മന്‍ ചാണ്ടിയ്ക്കും , രമേശ് ചെന്നിത്തലയ്ക്കും സുധീരനെ നേതൃത്വമേല്‍പ്പിക്കുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. ഈ അഭിപ്രായ വ്യത്യാസം അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന സമയത്ത് പലപ്പോഴായി മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു.