സുഗന്ധം പരത്തും പൂക്കള്‍കൊപ്പം ഊര്‍ജം പകരും സ്മാര്‍ട് ഫഌവര്‍ ഒരുക്കി ദുബൈ നഗരസഭ

Posted on: March 2, 2017 4:16 pm | Last updated: March 2, 2017 at 3:18 pm

ദുബൈ: സുഗന്ധം പരത്തുന്ന പൂക്കളെ സാക്ഷിയാക്കി സൂര്യകാന്തിപൂവിന് സമാനമായ സോളാര്‍ പാനലുകള്‍. സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയകള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ‘സ്മാര്‍ട് ഫഌവര്‍’ പദ്ധതി. ദുബൈ നഗരസഭാ ആസ്ഥാനത്തിന് സമീപത്തെ പൂന്തോട്ടത്തില്‍ സജ്ജമാക്കിയ പ്രഥമ സൗരോര്‍ജ പദ്ധതി അധികൃതര്‍ രാജ്യത്തിന് സമര്‍പിച്ചു. ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്തയാണ് യു എ ഇയിലെ പ്രഥമ സ്മാര്‍ട് ഫഌവര്‍ സംവിധാനം പൊതുജനങ്ങള്‍ക്കായി സമര്‍പിച്ചത്. മേഖലയില്‍ തന്നെ ആദ്യാമായാണ് പുഷ്പാകൃതിയിലുള്ള സൗരോര്‍ജ പാനല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത്.

ദുബൈ ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത്, നഗരസഭാ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രമുഖ ഓസ്ട്രിയന്‍ കമ്പനിയാണ് നൂതന പദ്ധതിക്ക് ആവിഷ്‌കാരം നല്‍കിയത്. പരമ്പരാഗത സൗരോര്‍ജ സംവിധാനങ്ങളുടെ പോലെ തന്നെ മികച്ച രീതിയില്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷി നൂതന സംവിധാനത്തിനുണ്ട്. 23 ശതമാനം അധികമായി ഊര്‍ജം ഉത്പാദിപ്പിക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയമനുസരിച്ചാണ് പുതിയ പദ്ധതി. സുസ്ഥിരമായ വികസനത്തോടൊപ്പം പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഹരിത സമ്പദ് വ്യവസ്ഥ പുഷ്ടിപ്പെടുത്തുന്നതിന് നൂതന പദ്ധതി കരുത്ത് പകരും. സവിശേഷമായ പദ്ധതികളിലൂടെ ദുബൈ നഗരത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് എന്‍ജി. ലൂത്ത വ്യക്തമാക്കി. എമിറേറ്റ്‌സ് എനര്‍ജി സ്ട്രാറ്റജി 2050 അനുസരിച്ചു ഊര്‍ജ മേഖലയില്‍ പ്രകൃതി സൗഹൃദ ഊര്‍ജത്തിന്റെ ഉപയോഗം 50 ശതമാനമായി ഉയര്‍ത്തുന്നതിന് ലക്ഷ്യമിടുന്നുണ്ട്. 70,000 കോടി ദിര്‍ഹമാണ് ഇതിലൂടെ ലാഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിയാത്മകവും സുസ്ഥിര വികസനം പ്രധാനം ചെയ്യുന്ന പദ്ധതികളുടെ സഹായത്തോടെ, എമിറേറ്റിലെ താമസക്കാര്‍ക്ക് കൂടുതല്‍ സന്തോഷവും ആനന്ദവും നല്‍കുന്നതോടൊപ്പം മികച്ച ജീവിത രീതി ഉറപ്പു വരുത്തി ലോകത്തു പ്രഥമ സ്മാര്‍ട് നഗരമായി ഇടം പിടിക്കാനുള്ള ഭരണാധികാരികളുടെ പരിശ്രമങ്ങള്‍ക്കു കരുത്തേകുന്നതാണ് പദ്ധതിയെന്നും അ ദ്ദേഹം പറഞ്ഞു.