Connect with us

Eranakulam

നടി ആക്രമിക്കപ്പെട്ട സംഭവം: മൊബൈല്‍ ഫോണിനായി കായലില്‍ തിരച്ചില്‍

Published

|

Last Updated

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി ആറ് ദിനങ്ങള്‍ പിന്നിട്ടിട്ടും നിര്‍ണായക തെളിവുകളടങ്ങിയ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. മൊബൈല്‍ ഫോണിനായി ഇന്നലെ രാവിലെ പതിനൊന്ന് മണി മുതല്‍ നാവിക സേനയുടെ സഹായത്തോടെ കൊച്ചി കായലില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൊച്ചി ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് എറിഞ്ഞിരുന്നുവെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയെത്തുടര്‍ന്നായിരുന്നു തിരച്ചില്‍.

പള്‍സര്‍ സുനിയെയും കൂട്ടുപ്രതിയായ വിജേഷിനെയും സംഭവസ്ഥലത്തെത്തിച്ചായിരുന്നു തിരച്ചില്‍ നടത്തിയത്. മൊബൈല്‍ ഫോണ്‍ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരം സുനി നല്‍കാത്തത് അന്വേഷണ സംഘത്തെ കുരുക്കുകയാണ്. പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കാനാണ് സുനിയുടെ നീക്കം.
കീഴടങ്ങാനെത്തുന്നതിന് മുമ്പ് ഫോണ്‍ പ്ലാസ്റ്റിക് കവറിലാക്കി ഗോശ്രീ പാലത്തിന്റെ മധ്യ ഭാഗത്ത് വെച്ച് കായലിലേക്ക് എറിഞ്ഞുവെന്നായിരുന്നു സുനി ഏറ്റവും ഒടുവില്‍ നല്‍കിയ മൊഴി. എന്നാല്‍ ആഴവും ഒഴുക്കുമുള്ള ഈ ഭാഗത്ത് നടത്തിയ തിരച്ചില്‍ വിഫലമാകുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്ന സമയം മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ കേസിനെ പ്രതികൂലമായി ബാധിച്ചേക്കും. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുക മാത്രമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് പിന്‍ബലം നല്‍കാന്‍ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കിട്ടിയേ മതിയാകൂ.
അതേസമയം, സുനി തന്റെ അഭിഭാഷകന് ദൃശ്യങ്ങളടങ്ങിയ ഫോണ്‍ കൈമാറിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി അറിയുന്നു. അഭിഭാഷകന്റെ ഓഫീസില്‍ പരിശോധന നടത്താന്‍ നിയമ തടസ്സം ഉണ്ടെന്നതിനാല്‍ മറ്റുവഴി തേടുകയാണ് പോലീസ്.
ഇതിനിടെ, പള്‍സര്‍ സുനിയെ സുഹൃത്ത് മനുവിന്റെ അമ്പലപ്പുഴ കക്കാഴത്തെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. സി ഐ ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. മനുവിന്റെ മാതാപിതാക്കള്‍ സുനിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് മൊബൈല്‍ ഫോണ്‍ മെമ്മറി കാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തു. നടിയെ അക്രമിച്ച ദിവസം സുനി മനുവിന്റെ വീട്ടിലെത്തിയിരുന്നു. സുനിയും മനുവും യോഗം ചേര്‍ന്ന പുന്നപ്ര ബീച്ചിലും പോലീസ് പരിശോധന നടത്തി. ഉച്ചയോടെയാണ് തെളിവെടുപ്പ് പൂര്‍ത്തിയായത്.

പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ നാല് പ്രതികളെ ചൊദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു. മണികണ്ഠന്‍, വടിവാള്‍ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍, പ്രദീപ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇവരെ നുണ പരിശോധനക്ക് വിധേയമാക്കുന്നതിന് പോലീസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഗൂഢാലോചന തിരിച്ചറിയുന്നതിന് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളെല്ലാം പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

 

Latest