അല്‍ മഖര്‍ 28-ാം വാര്‍ഷികം; അസദുദ്ദീന്‍ തങ്ങള്‍ യു എ ഇയില്‍

Posted on: December 28, 2016 8:27 pm | Last updated: December 28, 2016 at 8:27 pm
സയ്യിദ് അസദുദ്ദീന്‍ ഹൈദ്രൂസി തങ്ങള്‍

ദുബൈ: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അല്‍ മഖര്‍റുസ്സുന്നിയ്യ 28-ാം വാര്‍ഷിക സമ്മേളനം അടുത്ത ജനുവരി 18 മുതല്‍ 22 വരെ വിപുലമായ പരിപാടികളോടെ നടക്കും. മത ഭൗതിക, വിദ്യാഭ്യാസ രംഗത്തും സാങ്കേതിക വിദ്യാഭ്യാസത്തിനൊപ്പം നിരവധി സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലും അല്‍ മഖര്‍ സജീവ ശ്രദ്ധ പതിച്ച് പ്രവര്‍ത്തിക്കുന്നു. 28 വര്‍ഷം മുമ്പ് തളിപ്പറമ്പ് ബദ്‌രിയ്യ നഗറില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് മലയോര മേഖലയായ നാടുകാണിയിലും കണ്ണൂരിലെ വിവിധ ഭാഗങ്ങളിലുമായി നിരവധി സ്ഥാപനങ്ങളായി വ്യാപിച്ച് കിടക്കുന്നു.

അല്‍ മഖറിലെ വനിതാ യതീംഖാനയില്‍ നിന്നും ഇതിനിടെ 102 വിദ്യാര്‍ഥിനികളെ സുമംഗലികളാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ ശരീഅത്ത് കോളജില്‍ നിന്നും അമാനി ബിരുദമെടുത്ത പണ്ഡിതന്മാര്‍, നാട്ടിലും വിദേശ രാജ്യങ്ങളിലും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ശരീഅത്ത് കോളജ്, യതീംഖാന തുടങ്ങിയവക്ക് പുറമെ വനിതാ കോളജ്, ഹിഫഌല്‍ ഖുര്‍ആന്‍ കോളജ്, അഗഥി മന്ദിരം, ബോര്‍ഡിംഗ് മദ്‌റസ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം, സ്‌നേഹഭവനം, കനിവ്, കാരുണ്യ പ്രവര്‍ത്തനം, വിവിധ സ്ഥലങ്ങളിലായി പള്ളികളും അനുബന്ധ സ്ഥാപനങ്ങളും ഇന്ന് അല്‍ മഖറിന്റെ കീഴിലായുണ്ട്.

28-ാം വാര്‍ഷികം വിവിധ പദ്ധതികളോടുകൂടിയാണ് നടക്കുക. ദഅ്‌വത്ത്, ആദര്‍ശ പ്രചരണം, ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍, സ്ഥാപന വികസനം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, കൃഷി തുടങ്ങിയ ആശയങ്ങള്‍ കേന്ദ്രീകരിച്ചാണ് സമ്മേളനം. 28 പെണ്‍കുട്ടികളുടെ വിവാഹം, 13 കുടിവെള്ള പദ്ധതികള്‍, അല്‍ മഖര്‍ ക്യാമ്പസ് പച്ചക്കറിത്തോട്ടം, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവ.

കന്‍സുല്‍ ഉലമ ചിത്താരി ഹംസ ഉസ്താദിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അല്‍ മഖര്‍ സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം, മവദ്ദതുല്‍ ഖുര്‍ബാ സാദാത്ത് സമ്മേളനം, അല്‍ മഖര്‍ എക്‌സ്‌പോ, അനുസ്മരണ സമ്മേളനം, ആത്മീയ സമ്മേളനം, ജീനിയസ് ഗെറ്റ് ടുഗദര്‍, മാപ്പിള കലാ സമ്മേളനം, ന്യൂനപക്ഷവിദ്യാഭ്യാസ ചര്‍ച്ചാസമ്മേളനം, പ്രവാസി സമ്മേളനം, അമാനീസ് സംഗമം, സമാപന സമ്മേളനം തുടങ്ങിയവ നടക്കും.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് അസദുദ്ദീന്‍ ഹൈദ്രൂസി തങ്ങള്‍ യു എ ഇയിലെത്തി. തങ്ങളുടെ നേതൃത്വത്തില്‍ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറും. വിവരങ്ങള്‍ക്ക് 055-7769464.