റാഗിംഗ് കുറ്റകൃത്യത്തിന്റെ വേരുകള്‍ പിഴുതെറിയാന്‍

റാഗിംഗിന്റെ കാര്യത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ എവിടെ നില്‍ക്കുന്നു? പൊതുവില്‍ റാഗിംഗിന് എതിരാണെന്ന് ഓരോ സംഭവം കഴിയുമ്പോഴും എല്ലാവരും ആണയിടാറുണ്ട്. അക്രമ സംഭവങ്ങള്‍ക്കെതിരായിട്ടും അവര്‍ നിലപാട് എടുക്കാറുണ്ട്. എന്നിട്ടും, എല്ലാ ഭീകരമായ റാഗിംഗ് സംഭവങ്ങളിലും വിദ്യാര്‍ഥി സംഘടനാ നേതാക്കളോ അവരുടെ സജീവ പ്രവര്‍ത്തകരോ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് തെളിയിക്കപ്പെടാറുണ്ട്. കലാലയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ബൗദ്ധിക വ്യായാമങ്ങളുടെ അളവ് വളരെയേറെ വര്‍ധിക്കാനുണ്ടെന്നാണ് ഇത് കാണിക്കുന്നത്.
Posted on: December 23, 2016 6:15 am | Last updated: December 22, 2016 at 11:10 pm

റാഗിംഗിന്റെ ക്രൂരതകള്‍ കേരളത്തിലെ കലാലയങ്ങളില്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. കോട്ടയത്തെ നാട്ടകം ഗവണ്‍മെന്റ് കോളജില്‍ നിഷ്ഠൂരമായ പീഡനത്തിന് ഇരകളായ അവിനാശും ഷൈജുവും വേദനയുടെ ഒടുവിലത്തെ മുഖങ്ങളായി നില്‍ക്കുന്നു. അവര്‍ നേരിട്ട ദുരിതങ്ങള്‍ക്ക് ശാരീരികമായ പരിഹാര ക്രിയകള്‍ ചെയ്യാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നത്. ഒരുപക്ഷേ, അവര്‍ അനുഭവിച്ച ശാരീരിക പീഡനങ്ങള്‍ക്കുള്ള ആശ്വാസം സാധ്യമാക്കാന്‍ ചികിത്സകള്‍ക്കു കഴിഞ്ഞേക്കും. എന്നാല്‍, റാഗിംഗ് അവരുടെ മനസ്സുകളില്‍ ഏല്‍പ്പിച്ച ആഘാതത്തിന് ഏത് ചികിത്സയാണ് ഫലപ്രദമാവുക?

റാഗിംഗിന്റെ പേരില്‍ നാട്ടകം കോളജില്‍ കണ്ടത് അതീവക്രൂരമായ പീഡനങ്ങള്‍ നടത്തിയതിന് ശേഷം അതാഘോഷിക്കുന്ന സീനിയര്‍ സഹപാഠികളുടെ ഒരു സംഘത്തെയാണ്. മദ്യം ബലംപ്രയോഗിച്ച് ഇളയ സഹപാഠികളുടെ വായില്‍ ഒഴിക്കുക മാത്രമല്ല, ആ മദ്യത്തില്‍ വിഷം ചേര്‍ക്കുകയും ചെയ്തുവെന്നത് കേരളത്തില്‍ ഇതുവരെ നടന്ന റാഗിംഗിന്റെ ചരിത്രത്തിലാദ്യത്തെ സംഭവമാണ്. ക്രൂരമായ റാഗിംഗുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മരണം വരെ സംഭവിച്ചിട്ടുമുണ്ട്. എന്നാല്‍, വിഷാംശമുള്ള മദ്യം സംഘടിപ്പിച്ച് ജൂനിയേഴ്‌സിനെ കുടിപ്പിച്ചുകൊല്ലാന്‍ ശ്രമിക്കുന്ന സംഭവം ഇതാദ്യമാണ്. അതാകട്ടെ 18 വയസ്സുമാത്രം പ്രായമുള്ള കൗമാരക്കാരായ, എസ് എഫ് ഐ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് അറിയുമ്പോള്‍, നമ്മുടെ കലാലയങ്ങളുടെ സാംസ്‌കാരികമായ ശോച്യാവസ്ഥയുടെ ആഴം വീണ്ടും വെളിപ്പെടുകയാണ്.
റാഗിംഗ് ഒരു കുറ്റകൃത്യമാണ്. കേരളത്തിലെ കലാലയങ്ങളില്‍ റാഗിംഗ് നിരോധിക്കപ്പെട്ടിട്ടുണ്ട്. റാഗിംഗിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിനിധികളടങ്ങിയ സമിതികള്‍ എല്ലാ കോളജുകളിലും രൂപവത്കരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും സ്വാശ്രയ കോളജുകളില്‍ മാത്രമല്ല സര്‍ക്കാര്‍ കലാലയങ്ങളിലും പ്രാകൃതമായ റാഗിംഗ് നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് നാട്ടകം കോളജ് സംഭവം ഓര്‍മിപ്പിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ക്രൂരമായ സ്വഭാവമാണ് റാഗിംഗ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കു വന്നുകൊണ്ടിരിക്കുന്നത്. റാഗിംഗ് വിരുദ്ധനിയമങ്ങള്‍ക്കോ അനുഷ്ഠാനപരമായ പ്രചാരണങ്ങള്‍ക്കോ തടയാനാവുന്നതല്ല ദിനംപ്രതി വഷളാകുന്ന കലാലയത്തിലെ കുട്ടികുറ്റകൃത്യങ്ങള്‍. സാമൂഹിക- സാംസ്‌കാരിക മണ്ഡലങ്ങളിലെ ജീര്‍ണതകളും സമൂഹത്തിലെ കുറ്റവത്ക്കരണവും എത്ര അളവില്‍ തടയാന്‍ കഴിയുന്നുവോ അതനുസരിച്ച് മാത്രമേ കലാലയങ്ങളിലെ കുറ്റകൃത്യങ്ങളുടെ അളവിലും മാറ്റങ്ങള്‍ വരുത്താനാകൂ.

കോട്ടയത്തെ നാട്ടകം കോളജിലെ റാഗിംഗിന് ഇരയായ അവിനാശിന്റെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ വിഷം കുടിപ്പിക്കാന്‍ പ്രേരിപ്പിച്ച വിദ്വേഷം, രാഷ്ട്രീയമാകട്ടെ, മതപരമാകട്ടെ, വ്യക്തിപരമാകട്ടെ, അത് അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ കൂടിയേ തീരു. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന അക്രമരാഷ്ട്രീയം വളര്‍ന്നു വരുന്നത് തുടച്ചു നീക്കപ്പെടേണ്ടതാണ്. അര്‍ഥവത്തായ കലാലയ രാഷ്ട്രീയത്തിന് റാഗിംഗിന്റെ ഭീഷണമായ ചെയ്തികളില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ കഴിയും. ഗൗരവ സമീപനവും ഉയര്‍ന്ന സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയവും സാംസ്‌കാരിക പ്രവര്‍ത്തനവും സമന്വയിപ്പിക്കാന്‍ കഴിയുന്ന കലാലയങ്ങളില്‍ ഇത്തരം നീചമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പാക്കാനും കഴിയും. അതിന്, കലാലയ വിദ്യാഭ്യാസത്തിന്റെ ഉന്നതമായ ലക്ഷ്യങ്ങളെ കുറിച്ചുള്ള അവബോധം, അറിവിനോടും മൂല്യങ്ങളോടുമുള്ള ആദരവ് എന്നിവയൊക്കെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധവെക്കണം.
റാഗിംഗിന്റെ കാര്യത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ എവിടെ നില്‍ക്കുന്നു? പൊതുവില്‍ എസ് എഫ് ഐയും എ ബി വി പിയുമുള്‍പ്പെടെയുള്ളവ റാഗിംഗിന് എതിരാണെന്ന് ഓരോ സംഭവം കഴിയുമ്പോഴും ആണയിടാറുണ്ട്. അക്രമ സംഭവങ്ങള്‍ക്കെതിരായിട്ടും അവര്‍ നിലപാട് എടുക്കാറുണ്ട്. എന്നിട്ടും, എല്ലാ ഭീകരമായ റാഗിംഗ് സംഭവങ്ങളിലും വിദ്യാര്‍ഥി സംഘടനാ നേതാക്കളോ അവരുടെ സജീവ പ്രവര്‍ത്തകരോ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് തെളിയിക്കപ്പെടാറുണ്ട്. കലാലയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ബൗദ്ധിക വ്യായാമങ്ങളുടെ അളവ് വളരെയേറെ വര്‍ധിക്കാനുണ്ടെന്നാണ് ഇത് കാണിക്കുന്നത്. പുരോഗമന- ജനാധിപത്യസര്‍ഗാത്മക രാഷ്ട്രീയ പ്രവര്‍ത്തനം കലാലയങ്ങളില്‍ പുനഃസ്ഥാപിക്കപ്പെട്ടാല്‍ മാത്രമേ വിദ്യാര്‍ഥികളില്‍ വളര്‍ന്നു വരുന്ന അക്രമാസക്തിക്ക് പരിഹാരം കാണാനാകൂ.
ആന്റി റാഗിംഗ് നിയമവും മിക്കപ്പോഴും നോക്കുകുത്തിയായി നില്‍ക്കുന്ന അവസ്ഥാവിശേഷമുണ്ട്. കുറ്റവാളികള്‍ക്കു കര്‍ശനമായ ശിക്ഷ നല്‍കപ്പെടുന്നില്ല. കോട്ടയത്തെ എസ് എം ഇ കോളജില്‍ കുറെ വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ റാഗിംഗിലെ പ്രതികള്‍ക്കും കനത്ത ശിക്ഷ നല്‍കാനായില്ല. സ്വയം തിരുത്താന്‍ കഴിയുന്ന വിധത്തിലാകണം ശിക്ഷകള്‍.

ക്രിമിനല്‍ സ്വഭാവമുള്ള കുറ്റങ്ങളില്‍ കടുത്ത ശിക്ഷ നല്‍കുകയും ചെയ്യണം. എന്നാല്‍, ഏറ്റവും പ്രധാനമായി വേണ്ടത് ഇന്നത്തെ സാമൂഹിക- സാംസ്‌കാരിക സാഹചര്യങ്ങളിലുണ്ടായിരിക്കുന്ന തകര്‍ച്ചക്ക് പരിഹാരം കാണുക എന്നതാണ്. കലാലയങ്ങള്‍ ഒറ്റപ്പെട്ട തുരുത്തുകളല്ല. സമൂഹത്തിലെ എല്ലാ ജീര്‍ണതകളും കുറ്റവാസനകളും കലാലയത്തെയും സ്വാധീനിക്കുകയും കീഴടക്കുകയും ചെയ്യും. നന്മകള്‍ പുലരുന്ന ഒരു സമൂഹത്തിലെ കലാലയങ്ങള്‍ നന്മയുടെ പൂങ്കാവനങ്ങളായിരിക്കും.
അക്രമ സിനിമ- ടി വി ചാനലുകള്‍, സൈബര്‍ വേള്‍ഡ്, ഓണ്‍ലൈന്‍ നിഷ്ഠൂരതകള്‍ എല്ലാം ചേര്‍ന്ന സാമൂഹിക സാഹചര്യം കുട്ടികള്‍ക്കു നന്മകള്‍ നല്‍കുന്നില്ല. നേരെമറിച്ച്, വികലവും വികൃതവുമായ ജീവിത വീക്ഷണങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന സമൂഹത്തില്‍ വളരുന്ന വിദ്യാര്‍ഥികള്‍ കുറ്റവാസനകളുടെ ലോകത്ത് ചെന്നുവീഴുന്നു. അതൊരു അധോലോകമാണ്, മനുഷ്യനെ വെറുക്കുന്ന അധോലോകം.
അതുകൊണ്ടു തന്നെ റാഗിംഗിനെതിരായ സമരം സമൂഹത്തെ ഉയര്‍ന്ന സാംസ്‌കാരിക മൂല്യങ്ങളിലേക്കു ആനയിക്കാനുള്ള സമരം കൂടിയാണ്. കലാലയങ്ങളെ പുനഃസൃഷ്ടിക്കുന്ന പുതിയ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ മാത്രമേ റാഗിംഗും മദ്യ-മയക്കുമരുന്ന് വ്യാപാരവും മറ്റെല്ലാ അരാഷ്ട്രീയ അശ്ലീലങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ കഴിയു. അതില്‍, സംശുദ്ധമായ പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായകമായ പങ്ക് നിശ്ചയമായും വഹിക്കാനുണ്ട്.