മീലാദ് സമ്മേളനം വിജയിപ്പിക്കുക: നേതാക്കള്‍

Posted on: December 22, 2016 12:02 am | Last updated: December 21, 2016 at 11:47 pm

കോഴിക്കോട്: മര്‍കസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സ്വപ്‌ന നഗരിയില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വന്‍ വിജയമാക്കാന്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍, എസ് എസ് എഫ് നേതാക്കള്‍ ആഹ്വാനം ചെയ്തു.

പ്രവാചക പ്രകീര്‍ത്തനങ്ങളുടെ പ്രസക്തി ലോകത്ത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിനെയും പ്രവാചകരെയും തെറ്റിദ്ധരിപ്പിക്കാന്‍ മതത്തിനകത്തു നിന്നും പുറത്തു നിന്നും ശ്രമങ്ങള്‍ നടക്കവെ തിരുദൂതരുടെ യഥാര്‍ഥ സന്ദേശം ലോകത്തിന് കൈമാറല്‍ യഥാര്‍ഥ വിശ്വാസികളുടെ ബാധ്യതയാണ്. ആ തലത്തില്‍ മുഹമ്മദ് നബി(സ)യുടെ ദര്‍ശനങ്ങളുടെ പൊരുളും പ്രസക്തിയും വിളിച്ചോതുന്ന പ്രഭാഷണങ്ങളും പ്രകീര്‍ത്തന ആലാപനങ്ങളുമാണ് മീലാദ് സമ്മേളനത്തില്‍ നടക്കുന്നത്.
പ്രവാചക സ്‌നേഹം വിശ്വാസികളുടെ ബാധ്യതയായി മതം പഠിപ്പിക്കുന്നതു കൊണ്ടു തന്നെ എല്ലാവരും സമ്മേളനം വിജയിപ്പിക്കാന്‍ ശ്രമിക്കണമെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ ആബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, വി പി എം ഫൈസി വില്യാപള്ളി, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം പറഞ്ഞു.