എല്ലാ കര്‍ഷകര്‍ക്കും കൃഷി വകുപ്പിന്റെ ഹരിത കാര്‍ഡ് പദ്ധതി നടപ്പാക്കുന്നു

Posted on: December 22, 2016 7:15 am | Last updated: December 21, 2016 at 11:19 pm

തിരുവനന്തപുരം: പുതുവര്‍ഷം ഹരിതാഭമാക്കാന്‍ സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും കൃഷി വകുപ്പിന്റെ ഹരിത കാര്‍ഡ്. കേന്ദ്രത്തിന്റെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ഗ്രാമീണ്‍ ബേങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് പലിശരഹിത വായ്പയും നാല് ശതമാനം നിരക്കിലുള്ള വായ്പയും ലഭ്യമാകും. 15,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് വായ്പയെടുക്കാന്‍ കഴിയും. ഹരിത കാര്‍ഡുള്ളവര്‍ക്ക് കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ആദായനികുതി വകുപ്പിന്റെ എല്ലാ ഇളവുകളും ലഭിക്കും.

ഹരിത കാര്‍ഡിന്റെ ആദ്യ ഘട്ടം കൃഷിവകുപ്പിന്റെ പ്രധാന പച്ചക്കറി സോണുകളായ ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലെ ശീതകാല പച്ചക്കറി കര്‍ഷകരിലായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവിടെ ബേങ്കുകളില്ലെന്ന പരാതിയെത്തുടര്‍ന്ന് ഈ മാസം കേരള ഗ്രാമീണ്‍ ബേങ്കിന്റെ ശാഖ തുറക്കാനും തീരുമാനമായി. അടുത്ത ഘട്ടമായി പദ്ധതി സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
കേരളത്തിലെ കര്‍ഷകര്‍ക്ക് ഹരിതകാര്‍ഡ് ലഭിക്കുന്നതോടെ സഹകരണ ബേങ്കുകള്‍ വഴി പലിശരഹിത വായ്പ നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കും. 2012ല്‍ കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം നടത്താന്‍ കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. 2,073 അപേക്ഷ കാന്തല്ലൂരില്‍ ലഭിച്ചെങ്കിലും അപേക്ഷകളിലെ ന്യൂനതകളും ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്യാന്‍ കഴിയാത്തതും മൂലം കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വിതരണം നടക്കാതെപോയി. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ കാന്തല്ലൂര്‍ സന്ദര്‍ശിച്ചതോടെയാണ് ഹരിതകാര്‍ഡ് നല്‍കാനുള്ള നടപടി കൃഷി വകുപ്പ് ഊര്‍ജിതമാക്കിയത്. കാന്തല്ലൂരില്‍ ഇതുവരെ 1,200 അപേക്ഷയില്‍ പരിശോധന പൂര്‍ത്തീകരിച്ചു. എല്ലാവര്‍ക്കും ഈ മാസം തന്നെ ഹരിത കാര്‍ഡ് വിതരണം ചെയ്യും. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടെ ചൂഷണം തടയാനാണ് ഗ്രാമീണ്‍ ബേങ്കുമായി സഹകരിച്ച് ഹരിതകാര്‍ഡ് നല്‍കുന്നത്.

വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ പച്ചക്കറി വ്യപിപ്പിക്കുന്നതിന് ഗ്രാന്‍ഡീസ് മരങ്ങള്‍ മുറിച്ചുമാറ്റണം. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനകാലത്ത് മരങ്ങള്‍ മുറിക്കുന്നതിനെതിരെ റവന്യൂവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഗ്രാന്‍ഡീസ് മുറിച്ചുമാറ്റുന്നതിന് കൃഷി, വനംവകുപ്പുകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. അത് മുറിച്ചുമാറ്റിയാല്‍ 8,000 ഹെക്ടറില്‍ കൃഷി ചെയ്യാന്‍ കഴിയും. കൂടാതെ എല്ലാ കൃഷി ഓഫീസുകളിലെയും മാര്‍ക്കറ്റിംഗ് മാനേജര്‍മാരോട് വട്ടവിള, കാന്തല്ലൂരില്‍നിന്ന് ഒരു ജില്ലയിലേക്ക് ഒരു മെട്രിക് ടണ്‍ പച്ചക്കറികള്‍ എന്ന തോതില്‍ വാങ്ങണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.