Connect with us

Gulf

വിദേശനാടുകളില്‍ ജീവകാരുണ്യത്തിന് യു എ ഇ നല്‍കിയത് 3,234 കോടി ദിര്‍ഹം

Published

|

Last Updated

ദുബൈ: 2015ല്‍ യു എ ഇ വിദേശ നാടുകളില്‍ 3,234 കോടി ദിര്‍ഹത്തിന്റെ സഹായം ലഭ്യമാക്കിയതായി വിദേശകാര്യ അന്താരാഷ്ട്ര മന്ത്രാലയം അറിയിച്ചു. “2015ല്‍ യു എ ഇയുടെ വിദേശ സഹായം” എന്ന പേരില്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ദാരിദ്ര്യനിര്‍മാര്‍ജനത്തിലൂടെ അന്താരഷ്ട്ര സമാധാനം വര്‍ധിപ്പിക്കാന്‍ ഇത്തരം സഹായങ്ങള്‍ ഉപകരിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. യു എ ഇ, വര്‍ഗം, വംശം, ഭാഷ, മതം തുടങ്ങിയ വിവേചനമില്ലാതെ വിവിധ രാജ്യങ്ങളിലെ ജീവകാരുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ ഫണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്.

സഹായം ലഭ്യമാക്കല്‍ മാനുഷിക കടമയും അറബ് ഇസ്‌ലാമികമൂല്യം ഉയര്‍ത്തിപ്പിടിച്ച് യു എ ഇയുടെ നയങ്ങളില്‍ അധിഷ്ഠിതമായതും യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സ്വീകരിച്ച സമീപനങ്ങളില്‍ കേന്ദ്രീകൃതവുമാണിതെന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ റിപ്പോര്‍ട്ടിന്റെ ആദ്യത്തില്‍ പ്രസ്താവിക്കുന്നു.

വികസനം, ജീവകാരുണ്യം, ദാനധര്‍മം എന്നിങ്ങനെ മൂന്ന് മുഖ്യ വിഭാഗങ്ങളിലായാണ് വിദേശ രാജ്യങ്ങളിലേക്കുള്ള സഹായം. ഇതില്‍ വികസനത്തിനാണ് കൂടുതല്‍ പണം നല്‍കിയിരിക്കുന്നത്. മൊത്തം ധനസഹായത്തിന്റെ 92 ശതമാനവും ഈ വിഭാഗത്തിലാണ്. 2014ല്‍ 1,955 കോടി ദിര്‍ഹമായിരുന്നു ഈയിനത്തില്‍ ചെലവഴിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 216 കോടി ദിര്‍ഹവും. ദാനധര്‍മങ്ങള്‍ക്കായി 42.91 കോടി ദിര്‍ഹവും നല്‍കി. 2015ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കൂടുതല്‍ ചെലവഴിച്ചത് സിറിയ, യമന്‍, ഇറാഖ് സംഘര്‍ഷങ്ങളില്‍ അഭയാര്‍ഥികളാക്കപ്പെട്ടവര്‍ക്ക് വേണ്ടിയായിരുന്നു.

സഹായ ധനത്തില്‍ ഏറിയ പങ്കും യു എഇയുടേതാണ്. മൊത്തം തുകയുടെ 86.1 ശതമാനവും സര്‍ക്കാറാണ് എടുത്തത്. അബുദാബി വികസന ഫണ്ട്, ഖലീഫ ബിന്‍ സായിദ് ആന്‍ഡ് നഹ്‌യാന്‍ ഫൗണ്ടേഷന്‍, എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്നിവയാണ് ബാക്കി ഫണ്ടുകള്‍ സമാഹരിച്ചത്.

Latest