ട്രെയിനുകളില്‍ പരിശോധന ശക്തമാക്കും; നിയമഭേദഗതിക്ക് ശിപാര്‍ശ

Posted on: December 16, 2016 8:45 am | Last updated: December 16, 2016 at 12:46 am

തിരുവനന്തപുരം; മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും വ്യാപനവും ഉപയോഗവും തടയാന്‍ സംസ്ഥാനാന്തര ഏകോപനവും നിരീക്ഷണവും ശക്തമാക്കും. പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ആന്റി നാര്‍ക്കോട്ടിക് അന്തര്‍ സംസ്ഥാന ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് എന്‍ ഡി പി എസ് ആക്റ്റില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ ശിപാര്‍ശ നല്‍കും. മയക്കുമരുന്നുകള്‍ കൈവശം വെക്കുന്നതിന് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനുള്ള അളവ് 100 ഗ്രാം വരെ കുറക്കണമെന്ന ഭേദഗതിയാണ് പ്രധാനമായി നിര്‍ദേശിക്കുന്നത്.

മയക്കുമരുന്ന് വ്യാപനം തടയാന്‍ കൂട്ടായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാനങ്ങളിലെ പോലീസും മറ്റ് ഏജന്‍സികളും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തണമെന്ന് യോഗം ശിപാര്‍ശ ചെയ്തു.
കേരളത്തില്‍ കഞ്ചാവ് കൃഷി കാര്യമായി കുറഞ്ഞിട്ടും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ധാരാളമായി എത്തുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്ന കഞ്ചാവ് പല മാര്‍ഗങ്ങളിലൂടെ കേരളത്തിലെത്തുന്നു. ഇത് തടയാനുള്ള നടപടികള്‍ ശക്തമാക്കും.
ചെറിയ അളവുകളില്‍ ഇവ സംസ്ഥാനത്തെത്തിക്കാന്‍ ഇതര സംസ്ഥാനത്തൊഴിലാളികളെ ഉപയോഗിക്കുന്നുണ്ടെന്നതിനാല്‍ ട്രെയിനുകളിലെ പരിശോധന കര്‍ശനമാക്കും. ഇതിനായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, റെയില്‍വേ പോലീസ് എന്നിവര്‍ കൂട്ടായി പ്രവര്‍ത്തനം അവിഷ്‌കരിക്കുന്നതിന് തീരുമാനമായി. സംസ്ഥാനത്ത് ആന്റി നോര്‍ക്കോട്ടിക് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി മൂന്ന് ദിവസത്തെ പരിശീലനവും നല്‍കും.
കഞ്ചാവിനൊപ്പം എല്‍ എസ് ഡി യും വ്യാപകമാകുന്നതായി യോഗം വിലയിരുത്തി. ഒരു ഗ്രാം എല്‍ എസ് ഡിക്ക് 30,000 രൂപ വരെ വില വാങ്ങിയാണ് വ്യാപാരം. ഇതോടൊപ്പം മറ്റു പലതരം രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. ഇതു സംബന്ധിച്ച നിരീക്ഷണവും വിവരശേഖരണവും ശക്തമാക്കും.

ലഹരി വസ്തുക്കളും മയക്കുമരുന്നുകളും കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം നേടിയ നായകളെ ഇപ്പോള്‍ ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഇത് വ്യാപിപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍ ജയിലുകളിലുള്ള നാര്‍ക്കോട്ടിക് കുറ്റവാളികളുടെ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ നടപടി സ്വീകരിക്കും. ഇതര സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ നാട്ടിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് പരസ്പരം സഹായം നല്‍കും.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി ജി പി രാജേഷ് ദിവാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്റലിജന്‍സ് എ ഡി ജി പി. ആര്‍ ശ്രീലേഖ, ദക്ഷിണ മേഖല എ ഡി ജി പി. ഡോ. ബി സന്ധ്യ, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ ജി. എസ് സുരേഷ്, ട്രെയിനിംഗ് ഡി ഐ ജി. പി വിജയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെയും മറ്റ് ഏജന്‍സികളുടെയും പ്രതിനിധികള്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്റലിജന്‍സ് ബ്യൂറോ, ആര്‍ പി എഫ്, എക്‌സൈസ്, എയര്‍പോര്‍ട്ട് എന്നീ കേന്ദ്ര ഏജന്‍സികളുടെ പ്രതിനിധികള്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.