Connect with us

Gulf

ഇന്ധന ഉപയോഗത്തില്‍ ഈ വര്‍ഷം 42.6 ശതമാനം വര്‍ധനവെന്ന് എമിറേറ്റ്‌സ്

Published

|

Last Updated

ദുബൈ: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആറാമത് പാരിസ്ഥിതിക റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ധന ഉപയോഗത്തില്‍ ഈ വര്‍ഷം 42.6 ശതമാനം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. വ്യോമയാന ഇന്ധനത്തിന്റെ ഉപഭോഗം ആഗോള ശരാശരി 12.8 ശതമാനം ഉയര്‍ന്ന ഘട്ടത്തിലാണ് എമിറേറ്റ്‌സിന്റെ ഇന്ധന ഉപയോഗം ഗണ്യമായി വര്‍ധിച്ചിരിക്കുന്നത്.
മേഖലയില്‍ വ്യോമഗതാഗതം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറക്കാന്‍ നടപടികള്‍ കൈകൊള്ളുന്ന ഘട്ടത്തില്‍ ഇത് വെല്ലുവിളിയാണ്. കഴിഞ്ഞ വര്‍ഷം എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 29 പുതിയ വീമാനങ്ങളാണ് സേവന നിരയില്‍ അണിനിരത്തിയത്. ഇവയില്‍ നിന്ന് മാത്രം 12.8 ശതമാനം കാര്‍ബണ്‍ പ്രസരണം ഉണ്ടായി എന്നാണ് എമിറേറ്റ്‌സ് അധികൃതര്‍ പുറത്തു വിട്ട കണക്കുകള്‍ പറയുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡ് 14.6 ശതമാനവും നൈട്രജന്‍ ഓക്‌സയിഡ് 12.2 ശതമാനവും വര്‍ഷാവര്‍ഷം കൂടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ അന്തരീക്ഷത്തില്‍ അനുവദനീയമായ 67 ശതമാനത്തില്‍ താഴെ മാത്രമാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പ്രസാരണം നടത്തുന്നതെന്നും കണക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങളനുസരിച്ച് എമിറേറ്റ്‌സ് വിമാനങ്ങള്‍ 100 ശതമാനവും കൃത്യത പാലിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള ചുവടു വെപ്പുകള്‍ക്കിടയില്‍ ഉന്നതമായ കാര്യക്ഷമത കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുന്നതിന് പര്യാപ്തമാണ്. വെല്ലുവിളികളെ തരണം ചെയ്യുന്നതിനും ലക്ഷ്യപ്രാപ്തി നേടിയെടുക്കുന്നതിനും എമിറേറ്റ്‌സിനെ കൂടുതല്‍ കരുത്തു പകരുമെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം വ്യക്തമാക്കി. പാരിസ്ഥിതിക മാനദണ്ഡങ്ങളനുസരിച്ച് തങ്ങളോട് സഹകരണത്തിനുള്ള കമ്പനികളുമായി ചേര്‍ന്ന് കൂടുതല്‍ കാര്യക്ഷമവും കൃത്യതയാര്‍ന്നതുമായ സേവനങ്ങള്‍ നല്‍കാന്‍ ശ്രമിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീനമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് എന്‍ജിന്‍ മൈന്റനെന്‍സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മെഗാവാട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് പുതിയ സോളാര്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇത് മൂലം 800 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സയിഡ് പ്രസരണമാണ് കുറക്കാന്‍ കഴിഞ്ഞത്, അദ്ദേഹം വ്യക്തമാക്കി. വരുംവര്‍ഷങ്ങളില്‍ കുറഞ്ഞ ഇന്ധന ചിലവില്‍ യാത്രക്കാര്‍ക്ക് മികച്ച നിരക്കും സേവനവും വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നാണ് എമിറേറ്റ്‌സ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Latest