മൂന്നാര്‍ കാറ്ററിംഗ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനം

Posted on: December 10, 2016 11:28 am | Last updated: December 10, 2016 at 11:28 am

കൊച്ചി: മൂന്നാര്‍ കാറ്ററിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷവിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നതായി പരാതി. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദനമെന്നും കൂട്ടുനില്‍ക്കുന്ന മാനേജ്‌മെന്റിനും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുമെതിരെ മാതൃകാനടപടികള്‍ സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികളുടെ സുഗമമവും സുരക്ഷിതവുമായ തുടര്‍പഠനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രക്ഷ്ിതാക്കള്‍ ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ ഫീസ് നല്‍കി ഹോട്ടല്‍ മാനേജ്‌മെന്റും ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സും പഠിക്കാന്‍ ചേര്‍ന്ന വിദ്യാര്‍ഥികളെ കോളജ് ഹോസ്റ്റലില്‍ വെച്ചാണ് മര്‍ദിക്കുന്നത്.ഒന്നാംവര്‍ഷവിദ്യാര്‍ഥികളെ മുപ്പതോളം സീനിയര്‍ വിദ്യാര്‍ഥികളെത്തി റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയാണ് ചെയ്യുന്നത്. കത്തി, കമ്പിവടി, ബ്ലെയ്ഡ് എന്നിവകൊണ്ടാണ് മര്‍ദിക്കുന്നത്.പലരും ഇതിനോടകം ചികിത്സതേടിയിട്ടുണ്ട്.എന്തിനാണ് മര്‍ദിച്ചതെന്ന് ചോദിച്ചാല്‍ ഇത് ഇവിടുത്തെ നാട്ടുനടപ്പാണെന്നും നിങ്ങള്‍ക്കും അടുത്ത വര്‍ഷം പുതുതായി എത്തുന്നവരെ ഇപ്രകാരം ചെയ്യാമെന്നാണ് മറുപടിയെന്നും മര്‍ദനത്തിനിരയായ വിദ്യാര്‍ഥികള്‍ പറഞ്ഞു.