ബെന്‍സിമക്ക് അമ്പത് ഗോളുകള്‍

Posted on: December 9, 2016 7:11 am | Last updated: December 9, 2016 at 8:12 am

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അമ്പത് ഗോളുകള്‍ പൂര്‍ത്തിയാക്കി. ബൊറൂസിയ ഡോട്മുണ്ടിനെതിരെ രണ്ട് തവണ വലകുലുക്കിയാണ് ബെന്‍സിമ ചാമ്പ്യന്‍സ് ലീഗ് ഗോളടിയില്‍ ഫിഫ്റ്റി തികച്ചത്. ആഴ്‌സണലിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ തിയറി ഓന്റിയുടെ റെക്കോര്‍ഡിനൊപ്പമാണിപ്പോള്‍ ബെന്‍സിമ. 56 ഗോളുകള്‍ നേടിയ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ റൂഡ് വാന്‍ നിസ്റ്റല്‍ റൂയി, 71 ഗോളുകള്‍ പേരിലുള്ള റയല്‍ ഇതിഹാസം റൗള്‍ ഗോണ്‍സാലസ് എന്നിവരുടെ റെക്കോര്‍ഡുകളാണ് ബെന്‍സിമക്ക് മുന്നിലുള്ളത്. ഇവര്‍ കളമൊഴിഞ്ഞതോടെ തന്നെ ഈ റെക്കോര്‍ഡ് ലക്ഷ്യമിടുന്നുണ്ടാകും ബെന്‍സിമ. എന്നാല്‍, സജീമവായി രംഗത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും ഗോളടിയെ പിന്തുടരുക ബെന്‍സിമക്ക് എളുപ്പമല്ല. 95 ഗോളുകളാണ് ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോയുടെ എക്കൗണ്ടിലുള്ളത്. ഇഞ്ചോടിഞ്ച് മത്സരിക്കുന്ന മെസിക്ക് 93 ഗോളുകളുടെ പിന്‍ബലമുണ്ട്.

88 മത്സരങ്ങളില്‍ നിന്നാണ് ബെന്‍സിമ അമ്പത് ഗോളുകളിലെത്തിയത്. റൗള്‍, ഹെന്റി എന്നിവരേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് ബെന്‍സിമയുടെതാണ്. സജീവമായി രംഗത്തുള്ളവരില്‍ ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറില്‍ നിന്ന് മാത്രമാണ് ബെന്‍സിമക്ക് ഭീഷണിയുള്ളത്. 38 ഗോളുകളാണ് മുള്ളര്‍ ചാമ്പ്യന്‍സ് ലീഗില്‍ നേടിയിട്ടുള്ളത്.