Connect with us

National

ജെല്ലിക്കെട്ട്: ഗ്ലാഡിയേറ്റര്‍ വിനോദങ്ങള്‍ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ജെല്ലിക്കെട്ട്: റോമിലെ ഗ്ലാഡിയേറ്റര്‍ മാതൃകയിലുള്ള കായിക വിനോദങ്ങളില്‍ ഇന്ത്യയില്‍ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. കാളകളെ ഉപയോഗിച്ച് ജെല്ലിക്കെട്ട് പോലുള്ള കായിക വിനോദങ്ങള്‍ നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ വാദം നടക്കുന്നതിനിടെ ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് നിരീക്ഷണം.
റോമന്‍ ഗ്ലാഡിയേറ്റര്‍ മാതൃകയിലുള്ള കായക വിനോദങ്ങള്‍ ഇവിടെ നടപ്പാക്കാന്‍ കഴിയില്ല. കാളകളോട് പോരടിക്കാന്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നിരിക്കെ എന്തിനാണ് ജെല്ലിക്കെട്ട് നടത്തുന്നതെന്ന് ബഞ്ച് ചോദിച്ചു. 2014ല്‍ ജെല്ലിക്കെട്ട് സുപ്രീകം കോടതി നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രം ഈ ഉത്തരവിനെ മറികടക്കാന്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിലൂടെ സുപ്രീം കോടതിയുടെ വിധി അസാധുവാകില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിക്ടര്‍ ജനറല്‍ പി എസ് നരസിംഹം പറഞ്ഞു.
മനുഷ്യന് ആനന്ദം പകരാന്‍ കാളകള്‍ക്ക് സാധിക്കുമോയെന്ന് ചോദിച്ച കോടതി എന്തിനാണ് അവയെ ഓട്ടത്തിന് ഉപയോഗിക്കുന്നതെന്നും ആരാഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ചില സന്നദ്ധ സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയുടെ കായിക ഇനമാണ്. ക്രൂരതയെ നിരോധിക്കേണ്ടതുണ്ട്. മൃഗങ്ങളോട് അനുകമ്പ കാണിക്കണമെന്നും അത് ഭരണ ഘടനാപരമായ കര്‍ത്തവ്യമാണെന്നും ബഞ്ച് നിരീക്ഷിച്ചു. ആളുകള്‍ മാരത്തോണ്‍ ഓട്ടം നടത്തുമ്പോള്‍ എന്ത് കൊണ്ട് കാളകള്‍ക്ക് ഓടിക്കൂടായെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാദെ ചോദിച്ചു. തുടര്‍ വാദങ്ങള്‍ കേള്‍ക്കുന്നതിനായി കേസ് ഈ മാസം 26ലേക്ക് മാറ്റി.

---- facebook comment plugin here -----

Latest