സ്ത്രീ സംഘടനകള്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല: ജോയ് മാത്യു

Posted on: November 8, 2016 12:20 am | Last updated: November 8, 2016 at 12:20 am
SHARE

joymathewതിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ത്രീ സംഘടനകള്‍ നാട്ടില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുമെതിരെ എന്തെങ്കിലും ചെയ്തതായി അറിവില്ലെന്ന് ചലച്ചിത്രകാരന്‍ ജോയ് മാത്യു. ചെളിക്കുണ്ടില്‍ വീണുപോയ തങ്ങളുടെ നേതാക്കന്മാരെ സംരക്ഷിക്കാന്‍ പാടുപെടുകയാണ് ഇവര്‍ ചെയ്യുന്നത്.
അംഗബലം വെച്ചു നോക്കിയാല്‍ മഹിളാസംഘടനകള്‍ ആഞ്ഞൊരു തുപ്പു കൊടുത്താല്‍ ഒലിച്ചു പോകാവുന്നതേയുള്ളൂ ഇവിടത്തെ ആണ്‍കോയ്മകള്‍. എന്നാല്‍ പുരുഷ കേന്ദ്രീകൃതമായ പാര്‍ട്ടി നേതൃത്വങ്ങള്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കാനേ മഹിളാ സംഘടനകള്‍ക്ക് സാധിക്കുന്നുള്ളുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടേതായ പെണ്‍സംഘടനകളുണ്ട്. അതില്‍ കുറച്ചുപേര്‍ സമ്മേളനങ്ങള്‍ക്ക് മുമ്പില്‍ ബാനര്‍ പിടിച്ചും ബാക്കിയുള്ളവര്‍ തലയില്‍ തൊപ്പിയും വെച്ച് പ്രകടനങ്ങളില്‍ മറ്റുള്ളവരാല്‍ സംരക്ഷിതരോ സുരക്ഷിതരോ ആയി നടന്നു നീങ്ങുന്നത് കാണാം. പ്രത്യക്ഷത്തില്‍ ഒരു പാര്‍ട്ടിയിലും ഇല്ലാത്ത സ്ത്രീ സംഘടനകള്‍ അവര്‍ക്കാകും പോലെ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്. സംഘടനക്ക് അകത്താണെങ്കിലും സ്വന്തം വ്യക്തിത്വം അടിയറ വെക്കാത്ത പ്രൊഫ. മീനാക്ഷി തംമ്പാനെപ്പോലെയുള്ളവരെ മറന്നുകൊണ്ടല്ല താനിത് പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതുകൊണ്ടൊക്കെ തന്നെയാണ് ബലിയാടുകളായിപ്പോകുന്ന അബലകള്‍ ഭാഗ്യലക്ഷ്മിയെപ്പോലുള്ള ഒറ്റപ്പെട്ട തുരുത്തുകള്‍ തേടിപ്പോകുന്നത്. നീതിയുടെ കൊടി തണലായുള്ള ഇത്തരം തുരുത്തുകളില്‍ മാത്രമാണിപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here