ആര്‍ എസ് എസ് വത്കരിച്ച് ബി ജെ പി പരിശീലനം

Posted on: November 1, 2016 9:27 am | Last updated: November 1, 2016 at 12:52 pm

കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ബി ജെ പി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ആര്‍ എസ് എസിന്റെ മേല്‍ നോട്ടത്തില്‍. ‘പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രവര്‍ത്തക പരിശീലന ശിബിര’മെന്ന പേരില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി നടത്തുന്ന 25 മണിക്കൂര്‍ ശിബിരം ബി ജെ പിയിലെ ആര്‍ എസ് എസ് ആധിപത്യം ഊട്ടിയുറപ്പിക്കുന്നതാകും. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സംസ്ഥാന കണ്‍വീനറായിട്ടുള്ള ശിബിരത്തില്‍ ആര്‍ എസ് എസ് യോഗങ്ങളിലേതു പോലെ കര്‍ശന നിയന്ത്രണത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ശാഖകളിലുള്ളതു പോലെ കായിക പരിശീലനവും ഗണഗീതത്തിനു സമാനമായ ശിബിരഗീതവും നിര്‍ബന്ധമാണ്. യോഗയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കാറുണ്ടെങ്കിലും ശിബിരഗീതം ഉള്‍പ്പെടുത്തുന്നത് ഏറെക്കാലത്തിനു ശേഷമാണ്. ആലാപനത്തിനായി പ്രത്യേക സംഘങ്ങളെ ഇതിനോടകം പരിശീലിപ്പിച്ചിട്ടുണ്ട്. ബി ജെ പിയുടെ ചരിത്രം, വികാസം, സൈദ്ധാന്തിക അടിത്തറ, പരിവാര്‍ സംഘടനകള്‍, രാജ്യം നേരിടുന്ന വെല്ലുവിളികള്‍, എന്‍ ഡി എ സര്‍ക്കാറിന്റെ നേട്ടങ്ങള്‍, കേരളത്തിലെ പാര്‍ട്ടി എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നേടിയവരാണ് ക്ലാസെടുക്കുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. പരിപാടി പൂര്‍ണമായും ആര്‍ എസ് എസ് ശൈലിയിലായതിനാല്‍ തന്നെ എല്ലാ സെഷനുകളും നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് നിര്‍ദേശിക്കുന്ന ആളായിരിക്കും. സമയപാലനത്തിന് വിസില്‍ മുഴുക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ ഫോട്ടോ എടുക്കാനോ അനുവദിക്കില്ല. സമാപന സത്രത്തില്‍ പ്രതിനിധികളുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കും.
ശിബിരത്തിന് എ സി ഹാളുകള്‍ പാടില്ലെന്നു ശിബിരത്തിനായി പ്രത്യേകം പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്. ബി ജെ പി യോഗങ്ങളില്‍ ഇടക്കാലത്തു മത്സ്യവും മാംസവും വിളമ്പിയിരുന്നെങ്കിലും ഇത്തവണ സസ്യാഹാരം മാത്രമേ പാടുള്ളൂവെന്ന് ആര്‍ എസ് എസിന്റെ കര്‍ശന നിര്‍ദേശമുണ്ട്. പാര്‍ട്ടി പ്രമുഖരും മുതിര്‍ന്ന പ്രവര്‍ത്തകരും വനിതകളും വിവിധ മതവിഭാഗങ്ങളില്‍പ്പെടുന്ന ജനപ്രതിനിധികളും മോര്‍ച്ചാ ഭാരവാഹികളുമാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. ആര്‍ എസ് എസ് ശൈലിക്കെതിരെ പാര്‍ട്ടിയില്‍ ശക്തമായ മുറുമുറുപ്പുണ്ടെങ്കിലും ഇപ്പോള്‍ പരസ്യപ്രതികരണത്തിന് മുതിരേണ്ടതില്ലെന്നാണ് പലരുടെയും അഭാപ്രായം.
ഒരു രാത്രിയും രണ്ട് പകലുമായി നടക്കുന്ന ശിബിരത്തില്‍ 150 പേര്‍ക്കു മാത്രമാണ് പ്രവേശം. വൈകി വരാനോ നേരത്തെ മടങ്ങാനോ അനുവാദമില്ല. പരിശീലനത്തിന്റെ ചുമതലയുള്ളവര്‍ക്കു നല്‍കിയ പേരുകളും ആര്‍ എസ് എസ് ശൈലിയിലാണ്. ശിബിര പ്രമുഖ്, ശിബിര സഞ്ചാലകന്‍, സഹ സഞ്ചാലകന്‍, കാര്യക്രമ പ്രമുഖ്, സഹകാര്യ ക്രമപ്രമുഖ്, വ്യവസ്ഥാപ്രമുഖ്, നിയന്ത്രക് എന്നിങ്ങനെയാകും പരിശീലകര്‍ അറിയപ്പെടുക. 15നു മുമ്പായി മണ്ഡല ശിബിരങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍ന്ന് സംസ്ഥാന ശിബിരം നടത്താനാണ് പാര്‍ട്ടിക്ക് ആര്‍ എസ് എസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.