Connect with us

Kerala

ദരിദ്രരായ ബാറുടമകള്‍, ദുരിതം പേറുന്ന മദ്യപാനികള്‍

Published

|

Last Updated

മുതലാളിയെങ്കിലും പാവങ്ങളെക്കുറിച്ച് സദാസമയവും ജാഗരൂകനാണ് തോമസ്ചാണ്ടി. പാവപ്പെട്ട ബാര്‍ ഹോട്ടലുകാര്‍, ദുരിതം പേറുന്ന മദ്യപാനികള്‍ തുടങ്ങിയവരുടെ ശബ്ദം നിയമസഭയില്‍ ഉയര്‍ന്ന് കേള്‍ക്കണമെങ്കില്‍, നാനൂറിലധികം വരുന്ന ക്ലാസിഫൈഡ് ഹോട്ടലുകാരുടെ അസോസിയേഷന്‍ രക്ഷാധികാരിയായ അദ്ദേഹം തന്നെ വേണം. യു ഡി എഫ് ബാറുകള്‍ പൂട്ടിയതോടെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ഹോട്ടലുടമകള്‍ക്ക് പാങ്ങില്ലാതെ പോയെന്നാണ് തോമസ്ചാണ്ടിയുടെ പരാതി. ഗള്‍ഫില്‍ നിന്ന് അത്യാവശ്യം വരുമാനമുള്ളതിനാല്‍ സ്വന്തംഹോട്ടലില്‍ ശമ്പളം മുടങ്ങിയിട്ടില്ല. മറ്റുള്ളവരുടെ കാര്യം അങ്ങിനെയാണോ.? ബാറുടമകളേക്കാള്‍ കഷ്ടം മദ്യപാനികള്‍ക്കാണ്. പലരും ഓട്ടോറിക്ഷ പിടിച്ച് പോയി മുന്നൂറോളം വരുന്ന ആളുകള്‍ മൂന്ന് നാലും നിരയായി നില്‍ക്കുന്ന ക്യൂവിലെത്തി വേണം മദ്യം വാങ്ങാന്‍. സായിപ്പും മദാമ്മയും വന്നാല്‍ അവരുടെ കാര്യമാണ് വലിയ കഷ്ടം. ഇതൊക്കെ മന്ത്രി ടി പി രാമകൃഷ്ണന്‍ കണ്ണ്തുറന്ന് ഒന്ന് കണ്ടാല്‍ മതി. പ്രതിപക്ഷം പറയുന്നത് കേട്ട് വിരളാതെ മദ്യനയം തിരുത്താന്‍ മന്ത്രി ആര്‍ജവം കാണിക്കണമെന്നും എക്‌സൈസ് വകുപ്പിന്റെ ധനാഭ്യര്‍ഥനയില്‍ തോമസ് ചാണ്ടി ആവശ്യപ്പെട്ടു.
ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായ കേരളമിന്ന് നാര്‍കോട്ടിക്‌സ് ഓണ്‍ കണ്‍ട്രിയായെന്ന് യുവതാരം റോജി എം ജോണ്‍. മദ്യനയം എന്താണെന്ന് വ്യക്തമാക്കാന്‍ പോലും എക്‌സൈസ് വകുപ്പിന് കഴിയുന്നില്ല. മദ്യം മനുഷ്യനെ മയക്കുന്ന കമ്മ്യൂണിസമാണെന്നായിരുന്നു എല്‍ദോസ് കുന്നപ്പള്ളിയുടെ കണ്ടുപിടുത്തം. അതാകട്ടെ, വരമ്പത്ത് കൂലി കൊടുക്കും. പാര്‍ട്ടി ഓഫീസില്‍ ബോംബുണ്ടാക്കും. അതിനാല്‍ ഈ പിശാചിനെ തടയണമെന്നും എല്‍ദോസ്. യു ഡി എഫിന്റെ മദ്യനയം മൂലം മദ്യം സുലഭമായി കിട്ടുന്നുവെന്ന് മാത്രമല്ല, കഞ്ചാവ്, മയക്കുമരുന്ന് ഇത്യാദി ലഹരികളുടെ കേളീരംഗമായി കേരളം മാറിയെന്നും എം എം മണി.
യു ഡി എഫ് അടച്ച ബാറുകള്‍ തുറക്കാനും യു ഡി എഫ് തുറന്ന റേഷന്‍കടകള്‍ അടയ്ക്കാനുമുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ഷാഫി പറമ്പില്‍ നിരീക്ഷിച്ചപ്പോള്‍ രണ്ടുനേതാക്കള്‍ തമ്മിലുള്ള സ്റ്റാര്‍തര്‍ക്കത്തില്‍ രൂപപ്പെട്ടതാണ് യുഡിഎഫിന്റെ മദ്യനയമെന്ന് എ എം ആരിഫ് വിലയിരുത്തി. കടുത്ത എല്‍ ഡി എഫ് വിശ്വാസികളുടെ ആത്മവിശ്വാസം കെടുത്തുന്ന തരത്തിലേക്ക്് ഭരണം പോവുകയാണെന്ന് ഷാഫി പറമ്പില്‍. മാധ്യമപ്രവര്‍ത്തകരെ ഗുണ്ടകളായി ചിത്രീകരിക്കുന്നു. പോലിസുകാരെ പോലെ അവര്‍ക്കും ചൂരല്‍കവചം നല്‍കണം. സംസ്ഥാനത്തിന് അന്നം തരാത്തവര്‍ക്ക് മോദിസ്തുതി നടത്തുന്നു. എണ്ണാനറിയാത്ത ആളുകള്‍ എണ്ണിനല്‍കിയ ചങ്കിന്റെ വലുപ്പത്താല്‍ ഭരിച്ചാല്‍ അപകടത്തിലാവുമെന്നും ഷാഫി മുന്നറിയിപ്പ് നല്‍കി. ബീഡിയും തീപ്പെട്ടിയും കിട്ടാനില്ലെന്ന സങ്കടമായിരുന്നു കെ വി അബ്ദുല്‍ഖാദറിന്. ബീഡിനിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലിരുന്ന് ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ തൊഴിലാളി വര്‍ഗത്തിന്റെ ശവമഞ്ചം ഒരുക്കുകയാണെന്ന് സി ദിവാകരന്‍ പറഞ്ഞു. പരമ്പരാഗത വ്യവസായമേഖലകളെല്ലാം മണ്ണടിയുകയാണ്. രാവണന്‍ വന്നാലും രാമന്‍ വാണാലും കേരളത്തില്‍ റേഷന്‍ കിട്ടില്ലെന്നത് വസ്തുതയാണ്. വിഷയത്തില്‍ പ്രതിപക്ഷം രോഷാകുലരാണ്. ഭക്ഷ്യസുരക്ഷ ആരുടെ ബേബി ആണെന്ന് പ്രതിപക്ഷം മനസ്സിലാക്കണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു.
എല്ലാ ക്ഷേമപെന്‍ഷനുകളും 1,000 രൂപയായി ഏകീകരിച്ചിട്ടും പ്രവാസി പെന്‍ഷന്‍ 500 രൂപയാക്കി നിലനിര്‍ത്തിയിട്ടുള്ളത് കടുത്ത അവഹേളനമാണെന്ന് പാറക്കല്‍ അബ്ദുല്ല ചൂണ്ടിക്കാട്ടി. പ്രവാസി പെന്‍ഷന്‍ 5,000 രൂപയാക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. കാണം വിറ്റും ഓണമുണ്ണണമെന്നാണ് ചൊല്ല്. എന്നാല്‍, ഇത്തവണ കാണം വില്‍ക്കാതെ മലയാളികളെല്ലാം ഓണമുണ്ടെന്ന്് മുരളി പെരുനെല്ലി തുറന്നടിച്ചു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കടുംവെട്ട് നടത്തിയാണ് വികസനവും കരുതലും നടപ്പിലാക്കിയത്. ഇതേത്തുടര്‍ന്ന്, പണമെണ്ണുന്ന യന്ത്രമില്ലാതെ രാത്രിമുഴുവന്‍ ഉറക്കമൊഴിഞ്ഞ് ചെമ്മീനിലെ പരീക്കുട്ടിയെ പോലെ മുടിപോലും ചീവാതെ വിഷമാവസ്ഥയിലായിരുന്നു അന്നത്തെ മുഖ്യനായ ഉമ്മന്‍ചാണ്ടി.
യന്ത്രം സ്വന്തമായുള്ള ധനമന്ത്രിയാവട്ടെ ഉന്‍മേഷവാനും. നിന്നും ഇരുന്നുമൊക്കെ ബജറ്റ് അവതരിപ്പിച്ച മാണിസാറിന്റെ മാനത്തിന് ഇപ്പോള്‍ വിലയിടിവ് നേരിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫ് എല്ലാം ശരിയാക്കിയിട്ടെ പോവൂ. അതിനിടെ ശകുനം മുടക്കികളായി പ്രതിപക്ഷം വരരുതെന്നും മണി പറഞ്ഞു. വികസനവും കരുതലുമായിരുന്നു യുഡിഎഫ് നയമെങ്കില്‍ പാടത്ത് പണിയും വരമ്പത്ത് കൂലിയുമാണ് എല്‍ഡിഎഫിന്റെ നയമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ചൂണ്ടിക്കാട്ടി. തീ കുറവായ ഉത്തമനാണ് (തീ+ലോ+ഉത്തമന്‍) ഭക്ഷ്യമന്ത്രിയെങ്കിലും ഇന്നു അരിവേവണമെങ്കില്‍ തീ കൂടുതല്‍ വേണമെന്നും എല്‍ദോസ് പരിഹസിച്ചു. വനരോദനമല്ല നടപടിയാണ് പ്രവാസികള്‍ക്ക് വേണ്ടതെന്ന് എം ഉമ്മര്‍ വാദിച്ചു.

Latest