Connect with us

Articles

രാജ്യസ്‌നേഹികളുടെ ഘോഷയാത്രകള്‍

Published

|

Last Updated

borderനമ്മുടെ രാജ്യസ്‌നേഹം
കടലും മലനിരകളും അതിരിട്ട ഭൂപ്രദേശത്തേക്കുള്ള കടന്നുകയറ്റങ്ങളെ തടയലാണത്. അതു തടയാന്‍ സ്വീകരിക്കുന്ന ഏത് നടപടികളെയും സ്വാഗതം ചെയ്യണം, ഉള്‍പ്പുളകത്തോടെ. വിവിധ രേഖകളില്‍ നിലയുറപ്പിച്ച് അതിരുകാക്കാന്‍ ശ്രമിക്കുന്നവരൊക്കെ ധീരന്‍മാരാണ്. അവരുടെ കര്‍മങ്ങളൊക്കെ ഏറ്റക്കുറച്ചിലുകളോടെയുള്ള വീരേതിഹാസങ്ങളാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നവര്‍ക്ക് നല്‍കുന്ന ചുട്ട മറുപടികള്‍, അതിലൂടെ ഇല്ലാതാക്കപ്പെടുന്ന എതിര്‍പക്ഷത്തെ കാലാളുകളുടെ കണക്കുകള്‍ ഒക്കെ. ഇതിനിടയില്‍ വെടിയേറ്റ് മരിക്കുന്നവരുടേതൊക്കെ വീരമൃത്യുവാണ്. രാജ്യം വിവിധതരം ചക്രങ്ങള്‍ നല്‍കി പിന്നീട് ആദരിക്കാനുദ്ദേശിക്കുന്ന രക്തസാക്ഷിത്വങ്ങള്‍.
അകത്തു നിന്നും പുറത്തു നിന്നും രാജ്യത്തെ ലക്ഷ്യമിടുന്നവരെ തകര്‍ക്കാനുള്ള ശ്രമങ്ങളും സ്‌നേഹത്താല്‍ പ്രചോദിതമായി സ്വീകരിക്കപ്പെടേണ്ടവയാണ്. അകത്തു നിന്ന് രാജ്യത്തിനെതിരെ “യുദ്ധം ചെയ്യുക” എന്നാല്‍ ഇതിനകമുണ്ടായ ഭരണകൂടങ്ങളുടെയോ ഇപ്പോള്‍ വിരാജിക്കുന്ന ഭരണകൂടത്തിന്റെയോ നടപടികളില്‍ അതൃപ്തരായവര്‍ നടത്തുന്ന സമരപ്പുറപ്പാടുകള്‍ പെടും. പുറമെ നിന്ന് രാജ്യത്തെ ലക്ഷ്യമിടുന്നവര്‍ക്ക് സഹായം നല്‍കാന്‍ കച്ചകെട്ടുന്നവരും ഈ ഗണത്തിലുണ്ട്. നേതാക്കളെ ലക്ഷ്യമിടുകയും അവരെ ഇല്ലാതാക്കുന്നതിലൂടെ രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് മറ്റൊരു കൂട്ടം. ഇത്തരം ആരോപണങ്ങള്‍ നിരത്തി ഭരണകൂടം സ്വീകരിക്കുന്ന നടപടികളെല്ലാം രാജ്യ സ്‌നേഹത്താല്‍ പ്രചോദിതമാണ്.
ലോക്‌സഭയില്‍ ബി ജെ പിക്ക് കേവലഭൂരിപക്ഷം ലഭിക്കുകയും നരേന്ദ്ര മോദി പരമാധികാരിയായി ചുമതലയേല്‍ക്കുകയും ചെയ്തതോടെ ഹിന്ദുത്വ അജന്‍ഡകളുടെ പരിപാലനം കൂടി രാജ്യസ്‌നേഹത്തിന്റെ പരിധിയിലായി. വേദങ്ങളില്‍, പുരാണങ്ങളില്‍, ഇതിഹാസങ്ങളില്‍ ഒക്കെ പരാമര്‍ശ വിധേയമായിരിക്കുന്നതൊക്കെ വസ്തുതകളാണെന്ന് വിശ്വസിക്കണം. ആ വസ്തുതകളുടെ ഇപ്പോഴത്തെ പ്രതിനിധികളായവയൊക്കെ പുണ്യങ്ങളുടെ പാരമ്പര്യം പേറുന്നവയാണ്. അതൊക്കെ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക രാജ്യത്തോടുള്ള കടമയാണ്. അതുകൊണ്ടാണ് ഗോവധ നിരോധം നിയമം മൂലം നടപ്പാക്കിയത്. നിയമം നടപ്പാക്കുന്നതിലൊക്കെയുള്ള കാലതാമസം കണക്കിലെടുത്ത് നിരോധം നടപ്പാക്കിയെടുക്കാന്‍ സ്വയം തീരുമാനിച്ചിറങ്ങുന്നവരൊക്കെ രാജ്യ സ്‌നേഹത്താല്‍ പ്രചോദിതരാണ്. ആകയാല്‍ അതിനു വേണ്ടിയുള്ള അതിക്രമങ്ങളൊക്കെ അംഗീകരിക്കപ്പെടേണ്ടതുമാണ്. കുരുക്ഷേത്ര യുദ്ധത്തിന് ശേഷം ദിര്‍ഘകാലം ഇന്ദ്രപ്രസ്ഥം ഭരിച്ച് വാനപ്രസ്ഥത്തിനും തുടര്‍ന്ന് സ്വര്‍ഗാരോഹണത്തിനും പുറപ്പെട്ട പാണ്ഡവരില്‍, അവശേഷിച്ച ധര്‍മപുത്രര്‍ക്കൊപ്പമുണ്ടായിരുന്നത് എവിടെ നിന്നോ അലഞ്ഞെത്തി ഒപ്പം കൂടിയ നായ മാത്രമായിരുന്നു. അത് കണക്കിലെടുത്താല്‍ കേരളത്തില്‍ തെരുവു നായകളെ വന്ധ്യംകരിക്കാനോ ഇല്ലാതാക്കാനോ നടക്കുന്ന ശ്രമങ്ങളൊക്കെ ഹിന്ദുത്വ വിരുദ്ധമാണ്. തെരുവു നായകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളൊക്കെ രാജ്യ സ്‌നേഹത്താല്‍ പ്രചോദിതമായി കാണേണ്ടതുമാണ്.
സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയും അതിനു പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അയല്‍ രാജ്യത്തു നിന്ന് ലഭിച്ച പിന്തുണക്ക് തെളിവ് നിരത്തുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളിലാണ്. അതിര്‍ത്തി കടന്ന് നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന്‍, അനിവാര്യമായ പ്രതികാരത്തിന്റെ ആവേശോജ്ജ്വലമായ കഥയാണ്. അതിന് തെളിവ് ചോദിക്കുന്നതും മുന്‍കാലത്തും ഇത്തരം നടപടികളുണ്ടായിട്ടുണെന്ന് ചൂണ്ടിക്കാട്ടി ശോഭ കെടുത്തുന്നതും പുരകത്തുമ്പോള്‍ കഴുക്കോല്‍ ഊരുന്നതിന് തുല്യമല്ലാതെ മറ്റൊന്നല്ല! സര്‍ജിക്കല്‍ ഓപ്പറേഷനു ശേഷവും ആക്രമണങ്ങളുണ്ടായത്, അത് തടയാന്‍ കഴിയാതെ പോകുന്നത് ഒക്കെ കൂടുതല്‍ ശക്തമായ നപടകള്‍ ഉണ്ടാകണമെന്ന രാജ്യസ്‌നേഹാധിഷ്ഠിതമായ ചിന്തയിലേക്കാണ് നയിക്കേണ്ടത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുമ്പോഴൊക്കെ ചുട്ട മറുപടി നല്‍കുന്നത് ആ ചിന്തയുടെ അടിസ്ഥാനത്തിലുമാണ്. ഇതിനൊക്കെ പിറകില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുക എന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കേണ്ടതും അനിവാര്യമാണ്, അന്താരാഷ്ട്ര രംഗത്ത് മാത്രമല്ല, സാധ്യമായ എല്ലാ രംഗത്തും. അപ്പോഴാണ് അവിടുത്തുകാരെ അഭിനയിപ്പിച്ച് കച്ചവടം നടത്താന്‍ ചിലര്‍ ശ്രമിക്കുന്നത്. തടയുക എന്നതിലപ്പുറം മറ്റൊന്നും ചിന്തിക്കാനേ സാധിക്കില്ല. തത്കാലം ചെറിയൊരു പിഴയീടാക്കി മാപ്പുനല്‍കുക എന്നത് രാജ്യ സ്‌നേഹികള്‍ കാട്ടുന്ന ഔദാര്യമായി പരിഗണിക്കണം.
അവഗണന, അവകാശനിഷേധം, വാഗ്ദാന ലംഘനം ഇവയൊന്നും ഇത്തരം സാഹചര്യങ്ങളില്‍ പരിഗണിക്കപ്പെടേണ്ട സംഗതികളേയല്ല. ഏത് വിധേയനയും അടിച്ചമര്‍ത്തപ്പെടേണ്ടവയാണ്. രാജ്യം ആക്രമിക്കപ്പെടുമെന്ന ഭീതി നിലനില്‍ക്കുമ്പോള്‍ ഇവകളെക്കുറിച്ചൊക്കെ സംസാരിക്കുന്നത് പോലും സ്‌നേഹ വിരുദ്ധമാണ്. ഇവയൊക്കെ ഏതെങ്കിലും വിധത്തില്‍ അക്രമികള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും അവസരം നല്‍കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും യാദൃച്ഛികം മാത്രമാണ്. ഇത്തരത്തിലുള്ള സംഗതികള്‍ മറ്റിടങ്ങളിലുണ്ടെങ്കില്‍ അതിനെ പ്രബലപ്പെടുത്താന്‍ ശ്രമിക്കുക എന്നത് ബാധ്യതയും രാജ്യ സ്‌നേഹ പ്രചോദിതവുമാണ്.
അവരുടെ
രാജ്യ സ്‌നേഹം
മേല്‍ വിവരിച്ച കാരണങ്ങളില്‍ പലതും അവരുടേതുമാണ്. രാജ്യത്തിനകത്തേക്ക് എതിരാളികള്‍ കടന്നുകയറി ആക്രമണം നടത്തിയെന്ന് അംഗീകരിക്കുന്നത് രാജ്യ സ്‌നേഹത്തോട് ചേര്‍ന്നു നില്‍ക്കുന്നതല്ലെന്നാണ് മതം. അവ്വിധമെന്തെങ്കിലുമുണ്ടായാല്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് നാണമില്ലേ എന്ന് ജനം ചോദിക്കും. അതുകൊണ്ടാണ് സര്‍ജിക്കല്‍ ഓപ്പറേഷന്‍ നടന്നിട്ടേയില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതിര്‍ത്തി രേഖയിലെ സംഘര്‍ഷങ്ങളില്‍ തങ്ങള്‍ക്കുള്ള പങ്കും അവര്‍ തള്ളിക്കളയും. പ്രകോപനമൊന്നുമില്ലാതിരിക്കെ, ആദ്യം വെടിപൊട്ടിച്ച് ആഘോഷിച്ചത് എതിര്‍ പക്ഷമാണെന്നും പ്രതിരോധം ഉചിതമായിരുന്നുവെന്നും വാദിക്കും. ഏത് കടന്നാക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യും. അതിരുകളിലെ സംഘര്‍ഷത്തില്‍ ജീവന്‍ പൊലിഞ്ഞെന്ന് അംഗീകരിക്കാന്‍ മടിക്കുക മൂലം, രക്തസാക്ഷിത്വങ്ങളെ പരസ്യമായി ചക്രം നല്‍കി ആദരിക്കാന്‍ പലപ്പോഴും പറ്റാറില്ല. അതും രാജ്യത്തിന് വേണ്ടിയാണെന്നതിനാല്‍ ജനം അംഗീകരിക്കേണ്ടതാണ്. ഇല്ലെങ്കില്‍ അംഗീകരിപ്പിക്കും.
അവഗണന, അവകാശ നിഷേധം, വാഗ്ദാന ലംഘനം എന്നിത്യാദി സംഗതികളെയൊന്നും രാജ്യസ്‌നേഹത്തിന്റെ പാരമ്യത്തില്‍ പരിഗണനാ വിഷയങ്ങളേയല്ല. ഇത്തരക്കാരെ അടിച്ചമര്‍ത്താന്‍ ഏത് പരിധി വരെ പോകാനും തയ്യാറുമാണ്. അയല്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സൈന്യവും രഹസ്യാന്വേഷണ സംഘടനയും എല്ലാ പിന്തുണയും നല്‍കുമ്പോഴും ഭരണകൂടം ഔദ്യോഗികമായി അവരെ തള്ളിപ്പറയും. ഇതും രാജ്യസ്‌നേഹത്തില്‍ മാത്രം അധിഷ്ഠിതമായ പ്രവൃത്തിയാണ്. ഇങ്ങനെ പിന്തുണ നല്‍കുമ്പോഴും സമ്പത്തും ആയുധശേഷിയുമുള്ള വന്‍ശക്തികള്‍ തീവ്രവാദികളെ ലക്ഷ്യമിട്ടാല്‍ അവര്‍ക്കൊപ്പം നിന്ന് വേട്ടക്ക് കൊഴുപ്പേകാന്‍ മടിക്കുകയുമില്ല. ഇതും രാജ്യത്തെ കണക്കിലെടുത്ത് മാത്രമുള്ള നടപടിയായി കാണണം.
താഴ്‌വര എക്കാലവും മോഹിപ്പിക്കുന്നതായിരുന്നു. ആ മോഹത്തിലൊരു മാത്ര ഇപ്പോഴും കുറഞ്ഞിട്ടില്ല. താഴ്‌വരയിലുള്ളവര്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കാമെന്ന വാഗ്ദാനം നിലനില്‍ക്കുന്നുവെന്നും അത് ഐക്യരാഷ്ട്രസഭയുടെ പ്രമേയമനുസരിച്ച് നടപ്പാക്കണമെന്നും അന്താരാഷ്ട്ര വേദികളില്‍ ആവശ്യപ്പെടും. സ്വയം നിര്‍ണയാവകാശം, സ്വയം ഭരണാധികാരം, സ്വാതന്ത്ര്യം എന്നിവയൊക്കെ ആവശ്യപ്പെടുന്ന താഴ്‌വരയിലെ സംഘടനകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. അവര്‍ക്ക് വേണ്ട സഹായവും ചെയ്യും. മോഹമുക്തരാകാന്‍ സാധിക്കാത്ത രാജ്യത്തിന് ഇത് ചെയ്യാതിരിക്കാന്‍ സാധിക്കില്ലല്ലോ. അല്ലെങ്കില്‍ അത് കൂടി ചേര്‍ന്നതാണ് തങ്ങളുടെ രാജ്യ സ്‌നേഹമെന്ന് അവര്‍ വിലയിരുത്തുന്നു.

നമ്മുടെയും അവരുടേയും
രാജ്യസേന്ഹികളായ ജനം
ആരാണ് ആദ്യം പ്രകോപനമുണ്ടാക്കിയത്? അതിന് തിരിച്ചടി നല്‍കേണ്ടത് ഇവ്വിധമാണോ? പ്രകോപനവും തിരിച്ചടിയും നമ്മുടെ സൈ്വര ജീവിതത്തിന് ഉണ്ടാക്കുന്ന പ്രയാസം അധികാരികള്‍ തിരിച്ചറിയുന്നുണ്ടോ? താഴ്‌വരയുടെ അവകാശം മുഖ്യ തര്‍ക്ക വിഷയമാണെങ്കില്‍ അതിന് പരിഹാരം കാണുക എന്നതിനല്ലേ ആദ്യം മുന്‍ഗണന നല്‍കേണ്ടത്? അതിന് എന്താണ് തടസ്സം? ഈ തര്‍ക്കം ഇങ്ങനെ കാലാകാലം തുടര്‍ന്നുകൊണ്ടുപോകുകയും അതിന് ജീവനുകള്‍ ബലിയായി നല്‍കുകയും ചെയ്യേണ്ട കാര്യമുണ്ടോ? എന്നിങ്ങനെ ചോദിക്കേണ്ട ചോദ്യങ്ങള്‍ പലതും വിഴുങ്ങി രാജ്യസ്‌നേഹത്തില്‍ അലിഞ്ഞ് ജീവിക്കാന്‍ നിര്‍ബന്ധിതരാണ് നമ്മള്‍. ഇതിനെ വെല്ലുവിളിച്ച് ചോദ്യങ്ങളുന്നയിച്ചാല്‍ രാജ്യദ്രോഹത്തിന്റെ നിയമവ്യവസ്ഥകളില്‍ കുടുക്കി പിഴമൂളിക്കാന്‍ വെമ്പും ഭരണകൂടം. രാജ്യമുണ്ടെങ്കിലേ ഭരണവും അതിനുള്ള കൂടവും നീതിന്യായ വ്യവച്ഛേദവുമൊക്കെ ഉണ്ടാകൂ എന്ന തോന്നലുള്ളതിനാല്‍ കൂടിയാണ് പിഴമൂളിക്കാന്‍ കൂടുതല്‍ ആവേശം. തര്‍ക്കങ്ങള്‍ അങ്ങനെ നിലനിന്നാല്‍ മാത്രമേ അവശ്യം വേണ്ട സന്ദര്‍ഭങ്ങളില്‍ അതിനെ അധികരിപ്പിക്കാനും ഇതര വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനും സാധിക്കൂ. നിര്‍ണായക സന്ധികളില്‍ രാജ്യസ്‌നേഹ മന്ത്രം ചൊല്ലി, വികാരം വൃംജിഭിപ്പിക്കുന്നത് വോട്ടുരാഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. ഇതൊക്കെ മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് ജനം കൂടുതല്‍ രാജ്യ സ്‌നേഹികളാകുക.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെച്ചൊല്ലി പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍ സ്വന്തം പക്ഷം പറയുന്നത് വിശ്വസിച്ച് വഴങ്ങാന്‍ വിധിക്കപ്പെട്ടവര്‍ കൂടിയാണ് ഈ രാജ്യ സ്‌നേഹികള്‍. അതിര്‍ത്തികളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍, ഷെല്ലുകളോ വെയിടുണ്ടകളോ ഏറ്റ് ജീവന്‍വെടിയേണ്ടി വരുന്നവര്‍, അംഗഭംഗം വരുന്നവര്‍ അങ്ങനെ പലരുണ്ട് ഇരുപക്ഷത്തും ഇരകളായി. ഇതൊക്കെ രാജ്യസ്‌നേഹത്തിന്റെയോ രാജ്യാതിര്‍ത്തി കാക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെയോ പേരില്‍ സ്വീകരിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നു ജനം. ശത്രുക്കളോട് ഏറ്റ് മരിച്ച ഭടന്റെ പേരില്‍ കണ്ണീരുതിര്‍ക്കാനില്ലെന്ന് പ്രഖ്യാപിക്കുന്ന വീര മാതാക്കള്‍… ആ വീരേതിഹാസം വിവരിച്ച്, കാണൂ ഈ മാതൃക എന്ന് ഉദ്‌ഘോഷിക്കുന്ന ദേശീയ മാധ്യമങ്ങള്‍… നഷ്ടങ്ങളെയൊക്കെ മറച്ചുവെക്കാന്‍, ചോദ്യങ്ങളുടെയൊക്കെ മുനയൊടിക്കാന്‍ ഇതിലപ്പുറം എന്ത് വേണം.

Latest